ഓസ്ട്രിയയില്‍ ബുർഖയ്ക്ക് നിരോധം; പൊതുസ്ഥലത്ത് മുഖം മറച്ചെത്തിയാല്‍ പിഴ
90 ലക്ഷം വരുന്ന ആസ്ട്രിയന്‍ ജനതയില്‍ നൂറോളം 7 ലക്ഷത്തോളം പേര്‍ മുസ്ലിംകളാണ്
ഓസ്ട്രിയയില്‍ ബുർഖ നിരോധിച്ചുകൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് തലസ്ഥാനമായ വിയന്നയില്‍ നടക്കുന്നത്. മതസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് നടത്തുന്നതെന്ന് വിദഗ്ധരും ആക്ടിവിസ്റ്റുകളും പറയുന്നു.
തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കഴിഞ്ഞ ജൂണിലാണ് ബുര്‍ഖ നിരോധന ബില്‍ ഓസ്ട്രിയന്‍ പാര്‍ലമെന്റ് പാസാക്കുന്നത്. പൊതു ഇടങ്ങളില്‍ മുഖം മറച്ച് എത്തിയാല്‍ 150 യൂറോ പിഴയടക്കണമെന്നാണ് നിയമം. നിയമം ലംഘിക്കുന്നവരെ പൊലീസിന് ബലം പ്രയോഗിക്കാനും നിയമപ്രകാരം അധികാരമുണ്ട്. 90 ലക്ഷം വരുന്ന ആസ്ട്രിയന്‍ ജനതയില്‍ നൂറോളം 7 ലക്ഷത്തോളം പേര്‍ മുസ്ലിംകളാണ്. ഇതില്‍ ചെറിയൊരു വിഭാഗം മാത്രമാണ് ബുര്‍ഖ ധരിക്കുന്നത്.
ഓസ്ട്രിയന് മൂല്യങ്ങള്‍ സംരക്ഷിക്കാനാണ് ഇത്തരം തീരുമാനമെന്നാണ് സര്‍ക്കാര്‍ വാദം. നിയമപ്രകാരം പ്രത്യേക കലാരൂപങ്ങളിലും ആശുപത്രിയിലും മഞ്ഞുകാലത്തും മുഖം പൂര്‍ണ്ണമായി മറക്കുന്നതില്‍ ഏര്‍പ്പെടുത്തിയ നിരോധത്തില്‍ ഇളവ് അനുവദിക്കും. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഈ മാസം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇത് സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍. തലസ്ഥാനമായ വിയന്നയില്‍ നൂറുകണക്കിനാളുകളാണ് ഒത്തുകൂടിയത്. മതസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് വിദഗ്ധരും ആക്ടവിസ്റ്റുകളും പറയുന്നത്.
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഫ്രാന്‍സിലാണ് ആദ്യമായി ബുര്‍ഖക്ക് നിരോധം വരുന്നത്. പിന്നീട് ബെല്‍ജിയത്തിലും ഇത് പ്രാബല്യത്തില്‍ വന്നു. നെതര്‍ലാന്റിലെ വിവിധ മേഖലകളില്‍ നിരോധം വന്നിട്ടുണ്ട്.