അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതം

Update: 2018-04-30 05:30 GMT
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതം
Advertising

ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ അനായാസം നേടുമെന്ന് കരുതിയിരുന്ന സ്റ്റേറ്റുകളടക്കം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊനാള്‍ഡ് ട്രംപിനോട് അനുഭാവം പുലര്‍ത്തുന്നതായാണ് പുതിയ റിപ്പോര്‍ട്ട്.

വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമായി. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ അനായാസം നേടുമെന്ന് കരുതിയിരുന്ന സ്റ്റേറ്റുകളടക്കം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊനാള്‍ഡ് ട്രംപിനോട് അനുഭാവം പുലര്‍ത്തുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. ഇതോടെ വാശിയേറിയ പ്രചാരണ പോരാട്ടത്തിലാണ് ഇരുവരും.

ഇതുവരെ ചെയ്തത് നാല് കോടിയോളം വോട്ടുകള്‍. ഇന്ന് പുറത്തു വിട്ട സര്‍വേ ഫലങ്ങള്‍ പ്രകാരം 46 ശതമാനം പേരുടെ പിന്തുണയുണ്ട് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്. ട്രംമ്പിനേക്കാള്‍ രണ്ട് ശതമാനം മാത്രം കൂടുതല്‍. അവസാനം പുറത്ത് വന്ന അഞ്ച് സര്‍വേ ഫലങ്ങളില്‍ ഇരു കൂട്ടരുടെയും ലീഡ് മാറി മറിയുന്നത് പരമാവധി രണ്ട് ശതമാനത്തിന് മാത്രം. ഇരു സ്ഥാനാര്‍ഥികളുടെയും നെഞ്ചിടിപ്പ് കൂട്ടുകയാണ് ഈ കണക്കുകള്‍.

5 സ്വിംഗ് സ്റ്റേറ്റുകളില്‍ ലീഡ് നില മാറിമറിയുന്നത് വെറും ഒരു ശതമാനത്തിനാണ്. മേല്‍ക്കൈ പ്രതീക്ഷിച്ചിരുന്നിടത്തെല്ലാം അവസാനഘട്ട പ്രചാരണം നടത്തേണ്ട ഗതികേടിലാണ് ഹിലരി. ഇമെയില്‍ ചോര്‍ച്ച വിവാദം ഹിലരിയുടെ ജനപ്രീതിയിടിച്ചെന്ന് തെളിയിക്കുന്നതാണിത്. ഒരേയിടത്ത് കലാകാരന്മാരെയും ജനകീയരേയും കൂട്ടുപിടിച്ചാണ് അന്തിമഘട്ട പ്രചാരണം.

എല്ലാം മറികടന്ന് ജയിച്ചു കയറുമെന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റിക് ക്യാംപ്. എന്നാല്‍ വിചാരിച്ചതിനേക്കാള്‍ എളുപ്പത്തില്‍ കാര്യം നേടാനാകുമെന്ന് കരുതുന്നു ട്രംപ് ക്യാംപ്.

Tags:    

Similar News