സിറിയയില്‍ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും ഏറ്റുമുട്ടല്‍
മാസങ്ങളുടെ ഇടവേളക്ക് ശേഷം ഇതാദ്യമായാണ് ഇത്ര രൂക്ഷമായ ഏറ്റുമുട്ടിലിന് സിറിയ സാക്ഷ്യം വഹിക്കുന്നത്
സിറിയയില്‍ സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ വീണ്ടും ഏറ്റുമുട്ടല്‍. തലസ്ഥാനമായ ഡമസ്കസില്‍ സൈന്യത്തിന് നേരെ വിമതര്‍ നടത്തിയ അപ്രതീക്ഷിത ആക്രമണമാണ് ഏറ്റുമുട്ടലിന് കാരണം. ഡമസ്കസിലെ ജോബാറില്‍ വിമതരും സൈന്യവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് നടന്നത്.
മാസങ്ങളുടെ ഇടവേളക്ക് ശേഷം ഇതാദ്യമായാണ് ഇത്ര രൂക്ഷമായ ഏറ്റുമുട്ടിലിന് സിറിയ സാക്ഷ്യം വഹിക്കുന്നത്. ഡമസ്കസിലെ ജോബര്‍ നഗരത്തില്‍ ഞായറാഴ്ച രാവിലെ നടത്തിയ കാര്‍ ബോംബ് സ്ഫോടനത്തോടെയാണ് വിമതര്‍ ആക്രമണത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് സര്‍ക്കാര്‍ സൈന്യത്തിനെതിരെ റോക്കറ്റ്, ഷെല്ലാക്രമണങ്ങളും നടത്തി.
യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ചാണ് സൈന്യം തിരിച്ചടിച്ചത്. വിമത മേഖലയില്‍ മുപ്പതിലധികം വ്യോമാക്രമണങ്ങള്‍ നടത്തിയതായി മനുഷ്യാവകാശ നീരീക്ഷകര്‍ പറഞ്ഞു.
നേരത്തെ അല്‍ഖാഇദയുമായി ബന്ധമുണ്ടായിരുന്ന ജബ്ബത്ത് ഫതഹ് അല്‍ ശാം എന്ന വിമത സംഘടനയാണ് ആക്രമണത്തിന് പിന്നില്‍. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലിരിക്കുകയും സമാധാന നീക്കങ്ങള്‍ സജീവമായി നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഒരു വിഭാഗം വിമതര്‍ പ്രോകോപനം സൃഷ്ടിച്ചത്. ഇത് മാര്‍ച്ച് 23ന് നടക്കുന്ന സമാധാന ചര്‍ച്ചകളെയും ബാധിക്കാനിടയുണ്ട്. സ്വന്തം നാടുകളിലേക്ക് ജനങ്ങളുടെ തിരിച്ച് പോക്ക് ആരംഭിച്ച ഘട്ടത്തിലാണ് ആക്രമണം പുനരാരംഭിച്ചത്.
അതേസമയം, വെടിനിര്‍ത്തിലിനിടയിലും അസദ് സൈന്യവും റഷ്യയും വിമത കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇദ്‍ലിബ്, അലപ്പോ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും ആക്രമണം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സിറിയയിലുണ്ടായ സ്ഫോടനങ്ങളും സമാധാന ശ്രമങ്ങള്ക്കെതിരായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.