നവാസ് ശെരീഫിനെയും മകളെയും അഴിമതിക്കേസില്‍ പ്രതി ചേര്‍ത്തു; അറസ്റ്റ് ഉടനുണ്ടാകും
2016ലെ പനാമ പേപ്പറുകളിലൂടെയാണ് അഴിമതി സംബന്ധിച്ച വാര്‍ത്തകള്‍ ആദ്യം പുറത്തുവന്നത്
മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനേയും മകളേയും അഴിമതിക്കേസില്‍ പ്രതി ചേര്‍ത്ത് പാകിസ്താനിലെ അഴിമതി വിരുദ്ധ കോടതി . ലണ്ടനിലെ സ്വത്തു വകകളുടെ ഉടമസ്ഥത സംബന്ധിച്ച കേസിലാണ് കോടതി നടപടി. അഴിമതിക്കേസില്‍ പ്രതി ചേര്‍ത്തതോടെ മുന്‍ പ്രധാനമന്ത്രിയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2016ലെ പനാമ പേപ്പറുകളിലൂടെയാണ് അഴിമതി സംബന്ധിച്ച വാര്‍ത്തകള്‍ ആദ്യം പുറത്തുവന്നത്. അഴിമതിപ്പണമുപയോഗിച്ച് ലണ്ടനില്‍ വീടും സ്വത്ത് വകകളും സമ്പാദിച്ചുവെന്നാണ് കേസ്. വാര്‍ത്തകള്‍ പുറത്തുവന്നതോടെ നവാസ് ശരീഫിനും മകള്‍ക്കുമെതിരെ അന്വേഷണമാരംഭിച്ചു. അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് കഴിഞ്ഞ ജൂലൈയിൽ നവാസ് ശരീഫിനെ പാകിസ്താൻ സുപ്രീം കോടതി അയോഗ്യനാക്കിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനം നഷ്ടമായെങ്കിലും പാര്‍ട്ടിയില്‍ ശക്തനായിരുന്ന നവാസ് ശരീഫിന് കനത്ത തിരിച്ചടി നല്‍കുന്നതാണ് അഴിമതി വിരുദ്ധ കോടതിയുടെ പുതിയ നടപടി. നവാസ് ശരീഫിനു പുറമെ മകൾ മര്‍യം, ഭർത്താവ് മുഹമ്മദ് സഫ്ദാർ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. അതേസമയം കോടതി നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് മകള്‍ മര്‍യം പ്രതികരിച്ചു. സുപ്രീം കോടതി അയോഗ്യനാക്കിയതിനു പുറമെ അഴിമതിവിരുദ്ധ കോടതി കൂടി കേസില്‍ പ്രതി ചേര്‍ത്തതോടെ മുന്‍ പ്രധാനമന്ത്രിയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് പാകിസ്താനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.