പീതജ്വരം വ്യാപകമായി പടരുന്നതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ബ്രസീല്‍
നഗരത്തിലെ 65 ലക്ഷം തമാസക്കാരെ പ്രതിരോധ കുത്തിവെപ്പ് എടുപ്പിക്കുക എന്ന ശ്രമകരമായ ദൌത്യമാണ് ആരോഗ്യമന്ത്രാലം നടത്തുന്നത്.
രാജ്യത്ത് പീതജ്വരം വ്യാപകമായി പടരുന്നതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ബ്രസീല്‍ ആരോഗ്യ മന്ത്രാലയം. ഈ വര്‍ഷമുണ്ടായ പകര്‍ച്ചവ്യാധിയില്‍ 137 പേര്‍ മരിച്ചതായി മന്ത്രാലയം സ്ഥിരീകരിച്ചു. നിര്‍മാര്‍ജനം ചെയ്ത രോഗം വീണ്ടും തിരികെയത്തുന്നതിലെ ആശങ്കയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. പോയ വര്‍ഷം സിക വൈറസ് പരിഭ്രാന്തി സൃഷ്ടിച്ചതിന് പിന്നാലെയാണ് ബ്രസീലില്‍ ഇപ്പോള്‍ പീതജ്വരം പടര്‍ന്ന് പിടിക്കുന്നത്. കൊതുക് പരത്തുന്ന സാക്രമിക രോഗമാണ് പീതജ്വരം അഥവാ യെല്ലോ ഫീവര്‍. കുരങ്ങുകളില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് എത്തുന്നതെന്നാണ് കരുതുന്നത്. വിറയലോട് കൂടിയ കടുത്ത പനി, പേശിവേദന, മഞ്ഞപ്പിത്തം, ഛര്‍ദ്ദി തുടങ്ങിയവയാണ് രോഗലക്ഷണം.
രോഗലക്ഷണങ്ങളുമായ ചികിത്സ തേടിയ 424 പേര്‍ക്ക് പീതജ്വരം സ്ഥിരീകരിച്ചു. 933 പേര്‍ നിരീക്ഷണത്തിലാണ്. മൂന്ന് മാസത്തിനകം ബ്രസീലില്‍ 137 പേര്‍ രോഗം ബാധിച്ച് മരിച്ചതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍. ബ്രസീലിലെ പ്രമുഖ നഗരമായ റിയോ ഡി ജനീറോയില്‍ ആരംഭിച്ച പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങളിലെല്ലാം കുട്ടികളുമായി എത്തിയവരുടെ വലിയ നിരയാണ്.
നഗരത്തിലെ 65 ലക്ഷം തമാസക്കാരെ പ്രതിരോധ കുത്തിവെപ്പ് എടുപ്പിക്കുക എന്ന ശ്രമകരമായ ദൌത്യമാണ് ആരോഗ്യമന്ത്രാലം നടത്തുന്നത്. ബ്രസീലില്‍ നിര്‍മാര്‍ജനം ചെയ്ത രോഗം വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ പരിഭ്രാന്തിലിയാണ് ജനങ്ങള്‍. നിര്‍മാര്‍ജനം ചെയ്തുവെങ്കിലും രോഗം വീണ്ടും പടര്‍ന്നുപിടിക്കുന്നതിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. വാക്സിനേഷനും, കൊതുക് വളരുന്ന സാഹചര്യം ഇല്ലാതാക്കലുമാണ് പ്രതിരോധ പ്രവര്‍ത്തനമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. രോഗം പടരുന്നതോടെ ബ്രസീലില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് പല ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിവര്‍ഷം നിരവധി വിദേശ സന്ദര്‍ശകരെത്തുന്ന ബ്രസീലിലെ പ്രധാന നഗരമാണ് റിയോ ജി ജനീറോ. രോഗം ഭീഷണി ഉയര്‍ത്തിയതോടെ സാമ്പത്തിക പ്രസിന്ധി തുടരുന്ന ബ്രസീലില്‍ സ്ഥിതി വീണ്ടും ഗുരുതരമാകും.