ശ്രീലങ്കന്‍ പാര്‍ലമെന്റ് താല്‍ക്കാലികമായി പിരിച്ചുവിട്ടു
പ്രസിഡന്റ് മൈത്രിപാല സിരിസേന ശ്രീലങ്കന്‍ പാര്‍ലമെന്റ് എട്ട് ദിവസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്.
ശ്രീലങ്കന്‍ പാര്‍ലമെന്റ് പ്രസിഡന്റ് താല്‍ക്കാലികമായി പിരിച്ചുവിട്ടു. സര്‍ക്കാരിലെ അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്തതെന്നാണ് സൂചന.
പ്രസിഡന്റ് മൈത്രിപാല സിരിസേന ശ്രീലങ്കന്‍ പാര്‍ലമെന്റ് എട്ട് ദിവസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. സര്‍ക്കാരില്‍ ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തതിന് പിന്നാലെയാണ് പ്രസിഡണ്ടിന്റെ പെട്ടെന്നുളള നടപടി. കഴിഞ്ഞയാഴ്ച ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗക്കെതിരെ പാര്‍ലമെന്റിലുയര്‍ന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടിരുന്നു. പിന്നീട് സര്‍ക്കാരില്‍ പുനഃസംഘടനയുണ്ടാകുമെന്ന് പ്രഖ്യാപിക്കപ്പെടുകയും ചെയ്തതിന് ശേഷമാണ് പ്രസിഡന്റിന്റെ പാര്‍ലമെന്റ് പിരിച്ചു വിടല്‍ നടപടി.
മെയ് എട്ടിന് മുമ്പായി ഒരു പാര്‍ലമെന്റ് യോഗം മാത്രമാണ് നിശ്ചയിച്ചിട്ടുണ്ടായിരുന്നത്. ഈ മാസം 23 ന് പുതിയ മന്ത്രിസഭയുടെ പ്രതിജ്ഞയും തീരുമാനിച്ചിരുന്നു. പാര്‍ലമെന്റിന്റെ നിലവിലുള്ള എല്ലാ കമ്മറ്റികളും ഒഴിവാക്കുകയും പുതിയ കമ്മറ്റികള്‍ രൂപീകരിച്ച് പാര്‍ലമെന്റ് വിളിച്ചു ചേര്‍ക്കുകയുമാണ് പ്രസിഡന്റിന്റെ ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കരുതുന്നു. ശ്രീലങ്കന്‍ പാര്‍ലമെന്റിലെ സുപ്രധാന കമ്മറ്റികളായ പബ്ലിക് എന്‍ര്‍പ്രൈസസും അക്കൗണ്ട് കമ്മറ്റിയുമെല്ലാം നിലവില്‍ നിയന്ത്രിക്കുന്നത് പ്രതിപക്ഷ അംഗങ്ങളാണ്.