ആസ്ട്രേലിയയില്‍ തൂക്കുപാര്‍ലമെന്റിന് സാധ്യത
ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി നേതൃത്വം നല്‍കുന്ന ലിബറല്‍ ദേശീയ സഖ്യവും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും തമ്മിലാണ് പ്രധാന മത്സരം.
പൊതുതെരഞ്ഞെടുപ്പ് നടന്ന ആസ്ട്രേലിയയില്‍ തൂക്കുപാര്‍ലമെന്റിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി നേതൃത്വം നല്‍കുന്ന ലിബറല്‍ ദേശീയ സഖ്യവും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും തമ്മിലാണ് പ്രധാന മത്സരം. നിലവിലെ നയങ്ങള്‍ ലിബറല്‍ ദേശീയ സഖ്യത്തിന് തിരിച്ചടിയാകുമെന്നാണ് ലേബര്‍ പാര്‍ട്ടിയുടെ വിശ്വാസം.
അധോസഭയായ ജനപ്രതിനിധി സഭയില്‍ 150ഉം ഉപരിസഭയായ സെനറ്റില്‍ 76ഉം സീറ്റുകളിലേക്കാണ് മത്സരം നടന്നത്. ലിബറല്‍ ദേശീയ സഖ്യവും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ജനപ്രതിനിധി സഭയില്‍ ലിബറല്‍ പാര്‍ട്ടി സഖ്യത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലേബര്‍ പാര്‍ട്ടി നേടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗ്രീന്‍ പാര്‍ട്ടിക്ക് അഞ്ച് സീറ്റും കിട്ടിയേക്കും. ഉപരിസഭയായ സെനറ്റില്‍ 76 സീറ്റുകളില്‍ ലിബറല്‍ പാര്‍ട്ടിയും ലേബര്‍ പാര്‍ട്ടിയും 25 സീറ്റുകളും നേടുമെന്നും സൂചനയുണ്ട്.
ലിബറല്‍ സഖ്യത്തെ അട്ടിമറിച്ച് ഭരണത്തിലേറാന്‍ കഴിയുമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ബില്‍ ഷോര്‍ടെന്‍ അറിയിച്ചു. സാമ്പത്തിക രംഗത്തും ആരോഗ്യ രംഗത്തും സ്വീകരിച്ച നയങ്ങള്‍ നിലവിലെ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുളിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഭരണം തുടരാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മാല്‍കം ടേണ്‍ബുള്‍. 45ാമത് ഫെഡറല്‍ പാര്‍ലമെന്റിലേക്ക് 226 അംഗങ്ങളെയാണ് തെരഞ്ഞെടുക്കുക.
മൂന്നു വര്‍ഷത്തിനിടെ നാല് പ്രധാനമന്ത്രിമാരാണ് രാജ്യം ഭരിച്ചത്. സാമ്പത്തിക അസ്ഥിരത, വിദ്യാഭ്യാസം, കാലാവസ്ഥാ വ്യതിയാനം, ഗ്രേറ്റ് ബാരിയര്‍ റീഫ്, ആരോഗ്യം, അഭയാര്‍ഥിപ്രശ്നം എന്നിവയാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ച പ്രധാന വിഷയങ്ങള്‍.