സിംബാബ്‌വെ പ്രസിഡന്‍റായി എമേഴ്സണ്‍ ഇന്ന് ചുമതലയേല്‍ക്കും

Update: 2018-05-03 14:30 GMT
Editor : Sithara
സിംബാബ്‌വെ പ്രസിഡന്‍റായി എമേഴ്സണ്‍ ഇന്ന് ചുമതലയേല്‍ക്കും
സിംബാബ്‌വെ പ്രസിഡന്‍റായി എമേഴ്സണ്‍ ഇന്ന് ചുമതലയേല്‍ക്കും
AddThis Website Tools
Advertising

സൈനിക അട്ടിമറിയെ തുടര്‍ന്ന് റോബര്‍ട്ട് മുഗാബെ രാജിവെച്ച സാഹചര്യത്തിലാണ് എമേഴ്സണ്‍ പ്രസിഡന്റ് പദവിയിലേക്കെത്തുന്നത്.

സിംബാബ്‌വെയുടെ പുതിയ പ്രസിഡന്‍റായി എമേഴ്സണ്‍ എംനാന്‍ ഗാഗ്വ ഇന്ന് ചുമതലയേല്‍ക്കും. സൈനിക അട്ടിമറിയെ തുടര്‍ന്ന് റോബര്‍ട്ട് മുഗാബെ രാജിവെച്ച സാഹചര്യത്തിലാണ് എമേഴ്സണ്‍ പ്രസിഡന്റ് പദവിയിലേക്കെത്തുന്നത്. അതേസമയം അഴിമതി കുറ്റങ്ങളില്‍ മുഗാബെക്ക് വിചാരണ നേരിടേണ്ടി വരില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സൈനിക അട്ടിമറിയും തുടര്‍ന്ന് രാജ്യത്തുണ്ടായ നാടകീയ സംഭവങ്ങള്‍ക്കുമൊടുവിലാണ് മുന്‍ വൈസ് പ്രസിഡന്റ് എമേഴ്സണ്‍ എംനാന്‍ ഗാഗ്വ സിംബാബ്‌വെയുടെ പ്രസിഡന്റാകുന്നത്. ഹരാരെയിലെ നാഷണല്‍ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന ചടങ്ങില്‍ എമേഴ്സണ്‍ പ്രസിഡന്റായി ചുമതലയേല്‍ക്കും. 60000 പേര്‍ക്ക് ചടങ്ങ് തത്സമയം കാണാനുള്ള സൌകര്യങ്ങളാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ളത്. റോബര്‍ട്ട് മുഗാബെയും സത്യപ്രതിജ്ഞാ ചടങ്ങിനെത്തുമെന്നാണ് സൂചന.

37 വര്‍ഷത്തെ ഭരണത്തിന് ശേഷം മുഗാബെ പടിയിറങ്ങുമ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്ന അഴിമതിയുടെ സംസ്കാരം തുടച്ചുനീക്കാന്‍ പുതിയ പ്രസിഡന്റിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിംബാബ്‌വെ ജനത. 90 ശതമാനത്തിലധികം പേര്‍ തൊഴില്‍രഹിതരായി തുടരുന്ന രാജ്യത്ത് തൊഴില്‍ അവസരം സൃഷ്ടിക്കുമെന്നാണ് എംനാന്‍ ഗാഗ്വയുടെ വാഗ്ദാനം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് വരെ സാനു പി എഫ് ഒറ്റക്ക് ഭരിക്കുമോ അതോ പ്രതിപക്ഷ പാര്‍ട്ടികളുടെ സഹായത്തോടെ കൂട്ടുകക്ഷി സര്‍ക്കാറുണ്ടാക്കുമോ എന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.

അതേസമയം മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ വിചാരണക്ക് വിധേയനാകേണ്ടി വരില്ലെന്നാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. വിചാരണ ഒഴിവാക്കാമെന്ന ഉറപ്പിന്‍മേലാണ് മുഗാബെ രാജിവെച്ച് ഒഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അഴിമതി ആരോപണങ്ങളില്‍ മുഗാബെയുടെ ഭാര്യ ഗ്രേസിനെ വിചാരണ ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കിയിട്ടുണ്ട്

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News