സെബ്രനിക്ക കൂട്ടക്കൊല: കരോജിച്ചിന് 40 വര്‍ഷം തടവ്
റദോവന്‍ കരോജിച്ചിനുമേല്‍ ചുമത്തിയ 11കുറ്റങ്ങളില്‍ പത്തും അന്താരാഷ്ട്രനീതിന്യായകോടതിയില്‍ തെളിഞ്ഞു
ബോസ്‌നിയന്‍ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത കുറ്റത്തിന് സെര്‍ബ് നേതാവിന് 40 വര്‍ഷം തടവ് ശിക്ഷ.1995 ല്‍ നടന്ന സെബ്രെനിക്ക കൂട്ടക്കൊലയില്‍ സെര്‍ബ് നേതാവ് റദോവന്‍ കരോജിച്ച് കുറ്റക്കാരനാണെന്ന് അന്താരാഷ്ട്രനീതിന്യായ കോടതി കണ്ടെത്തി.
എഴുപതുകാരനായ റദോവന്‍ കരോജിച്ചിനുമേല്‍ ചുമത്തിയ 11കുറ്റങ്ങളില്‍ പത്തും അന്താരാഷ്ട്രനീതിന്യായകോടതിയില്‍ തെളിഞ്ഞു. ബോസ്നിയയിലെ മുസ്‌ലിം പുരുഷന്‍മാരെ കൊന്നൊടുക്കിയ സ്രെബ്രെനിക്ക കൂട്ടക്കൊലക്ക് കരോജിച്ച് ഉത്തരവാദിയാണെന്ന് കോടതി കണ്ടെത്തി. സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കരോജിച്ചിന് ഒഴിഞ്ഞു നില്‍ക്കാനാവില്ലെന്ന് പറഞ്ഞ കോടതി കടുത്ത മനുഷ്യാവകാശ ലംഘനമാണ് ബോസ്നിയയില്‍ നടന്നതെന്ന് വിലയിരുത്തി.
.സെര്‍ബ് സൈന്യത്തിന്റെ നേതൃത്വത്തില്‍ 3വര്‍ഷത്തോളം നീണ്ട സരയാവോ ഉപരോധം റദോവന്‍ കരോജിച്ചിന്റെ പിന്തുണയില്ലാതെ നടക്കില്ലെന്ന് ജഡ്ജിങ് പാനലിന്റെ അധ്യക്ഷന്‍ ഒ ഗോന്‍ ക്വോന്‍ പറഞ്ഞു. വിചാരണക്കാലത്ത് തടവില്‍കഴിഞ്ഞ 7 വര്‍ഷം ശിക്ഷാ കാലയളവില്‍ നിന്ന് കുറച്ചുനല്‍കും. 1995 ജൂലൈയില്‍ ബോസ്‌നിയന്‍ യുദ്ധ സമയത്ത് സെര്‍ബ് സൈന്യം സ്രെബ്രെനിക്കയിലെ 8000 ത്തോളം ബോസ്‌നിയന്‍ മുസ്‌ലീംങ്ങളെ കൊന്നൊടുക്കിയസംഭവമാണ് സ്രെബ്രെനിക്ക കൂട്ടക്കൊല. ബോസ്നിയന്‍ സെര്‍ബ് റിപ്പബ്ലിക്ക് സേനയുടെ സുപ്രീം കമാന്ററായിരുന്നു കരോജിച്ച്. 2008ലാണ് റദോവന്‍ കരോജിച്ച് അറസ്റ്റിലായത്. യുദ്ധകാലത്ത് 1 ലക്ഷത്തിലധികം പേര്‍ ബോസ്നിയയില്‍ കൊല്ലപ്പെട്ടിരുന്നു.