ഹിറ്റ്‍ലറുടെ രഹസ്യ നാസി കേന്ദ്രം കണ്ടെത്തി; ആര്‍ട്ടിക്കിലെ താവളത്തിലെ രഹസ്യങ്ങളറിയാം
ജര്‍മന്‍ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്‍ലറുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരം അതീവ രഹസ്യമായി നിര്‍മിച്ച നാസി സൈനിക കേന്ദ്രം ആർട്ടിക് സമുദ്ര മേഖലയിൽ കണ്ടെത്തി.
ജര്‍മന്‍ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്‍ലറുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരം അതീവ രഹസ്യമായി നിര്‍മിച്ച നാസി സൈനിക കേന്ദ്രം ആർട്ടിക് സമുദ്ര മേഖലയിൽ കണ്ടെത്തി. ഉത്തരദ്രുവത്തില്‍ നിന്നു ആയിരം കിലോമീറ്റര്‍ അകലെയായാണ് വര്‍ഷങ്ങളായി നിധിവേട്ടക്കാരും ശാസ്ത്രലോകവും തേടിക്കൊണ്ടിരുന്ന ആ രഹസ്യ താവളം. പതിറ്റാണ്ടുകളോളം ലോകത്തിന് അജ്ഞാതമായിരുന്നു അലക്സാണ്ട്ര ലാന്‍ഡിലെ നിഗൂഡതയൊളിപ്പിച്ച ഈ കേന്ദ്രം.
നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലാണ് അലക്‌സാണ്ട്ര മേഖല. ചരിത്രകാരന്‍മാര്‍ തിരഞ്ഞു കൊണ്ടിരുന്ന 500 ലേറെ നാസി അവശേഷിപ്പുകളാണ് ഇവിടെ നിന്നു ഗവേഷകര്‍ കണ്ടെടുത്തത്. ബങ്കറുകളുടെ ശേഷിപ്പുകൾ, വെടിയുണ്ടകള്‍, വെടിയുണ്ട സൂക്ഷിക്കുന്ന പെട്ടികള്‍. നാസികളുടെ സ്വസ്‌തിക മുദ്രയുള്ള ഷൂസുകൾ, പെട്രോൾ പാത്രങ്ങള്‍, മറ്റു രേഖകൾ തുടങ്ങിയവയാണ് കണ്ടെടുത്തിയത്. തണുത്തുറഞ്ഞ കാലാവസ്ഥയില്‍ ഇവിടെ നിന്നു കണ്ടെടുത്ത കടലാസുകൾക്ക് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും കാര്യമായ കേടുപാടുകളില്ല. റഷ്യയില്‍ നാസികളുടെ അധിനിവേശത്തിന് ഒരു വര്‍ഷത്തിന് ശേഷമാണ് ഇവിടെ രഹസ്യ താവളം നിര്‍മിക്കാന്‍ ഹിറ്റ്‍ലര്‍ നേരിട്ട് ഉത്തരവിട്ടത്. 1943 മുതല്‍ ഈ താവളം പ്രവർത്തന സജ്ജമായി. എന്നാൽ സോവിയറ്റ് സൈന്യത്തിന്റെ തിരിച്ചടിയില്‍ പതറിയതോടെ 1944 ജൂലൈയില്‍ താവളം പൂർണമായും ഉപേക്ഷിക്കപ്പെട്ടു.