ഇന്ത്യയും ഇറാനും 10 കരാറുകളില്‍ ഒപ്പിട്ടു; മോദി തിരിച്ചെത്തി
ഇന്ത്യയില്‍ നിന്നും അഫ്ഗാന്‍ വഴി ഇറാനിലേക്ക് കരമാര്‍ഗം പുതിയ വ്യാപാര ഇടനാഴി തുറക്കുന്നതടക്കം 10 കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു.
രണ്ട് ദിവസത്തെ ഇറാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ മടങ്ങിയെത്തി. ഇന്ത്യയില്‍ നിന്നും അഫ്ഗാന്‍ വഴി ഇറാനിലേക്ക് കരമാര്‍ഗം പുതിയ വ്യാപാര ഇടനാഴി തുറക്കുന്നതടക്കം 10 കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ചയാണ് ഇറാനിലെത്തിയത്. ഇറാനിലെ പ്രധാന നേതാക്കളുമായും മന്ത്രിമാരുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കാലങ്ങളായി തുടരുന്നതാണെന്ന് ഇരു രാഷ്ട്ര നേതാക്കളും ആവര്‍ത്തിച്ചു. നിര്‍ണായകമായ 10 കരാറുകളില്‍ മോദിയുടെ സന്ദര്‍ശനവേളയില്‍ ഇരു രാജ്യങ്ങളും ഒപ്പിട്ടിരുന്നു. അഫ്ഗാനിസ്ഥാന്‍ വഴി ഇറാനിലേക്ക് ഇന്ത്യയില്‍ നിന്നും കരമാര്‍ഗമുള്ള വ്യാപാര ഇടനാഴിയാണ് സന്ദര്‍ശനത്തിന്റെ ആദ്യദിന കരാറുകളില്‍ പ്രധാനം. ഇതിന് പുറമെ കടല്‍മാര്‍ഗമുള്ള വ്യാപാരം മെച്ചപ്പെടുത്താന്‍ ഷാബഹാര്‍ തുറമുഖത്തിന്റെ വികസനത്തിനായി ഇന്ത്യ 200 മില്ല്യന്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇറാനിലെ തുറമുഖ നഗരമായ ഷാബഹാറിനെ അഫ്ഗാനിസ്ഥാനിലെ സറന്‍ജ് നഗരവുമായി ബന്ധിപ്പിക്കുന്ന ചഹബാര്‍ സഹേദന്‍ - സറന്‍ജ് ഇടനാഴിയും ഇതോടനുബന്ധിച്ച് പൂര്‍ത്തിയാക്കും.പാകിസ്താനില്‍ പ്രവേശിക്കാതെ ഇറാനുമായുള്ള വ്യാപരത്തിനാണ് പുതിയ ഇടനാഴി സഹായിക്കുക.
മേഖലയിലെ പരസ്പര സഹകരണം, വ്യാപാര ബന്ധം മെച്ചപ്പെടുത്തല്‍, എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കല്‍ എന്നിവക്കു പുറമെ ഭീകരവാദം നേരിടാനുള്ള കരാറുകളും ഒപ്പുവെച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാനുള്ള സഹകരണത്തിനും കരാറില്‍ ധാരണയുണ്ട്. ഡല്‍ഹിയിലേക്ക് തിരിക്കും മുന്‍പ് ഒരു സെമിനാറില്‍ കൂടി പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.