ഐഎസിനെതിരെ ഇറാഖ് സേന മുന്നേറുന്നു; 20 ഗ്രാമങ്ങള്‍ പിടിച്ചെടുത്തു
ആക്രമണം തുടങ്ങി ഒന്നര ദിവസം പിന്നിടുമ്പോള്‍ 20 ഗ്രാമങ്ങള്‍ പിടിച്ചെടുത്തതായി സൈന്യം അറിയിച്ചു.
ഐഎസില്‍ നിന്ന് മൂസില്‍ പിടിച്ചെടുക്കാനുള്ള ഇറാഖ് സൈന്യത്തിന്റെ പോരാട്ടം തുടരുന്നു. ആക്രമണം തുടങ്ങി ഒന്നര ദിവസം പിന്നിടുമ്പോള്‍ 20 ഗ്രാമങ്ങള്‍ പിടിച്ചെടുത്തതായി സൈന്യം അറിയിച്ചു. സൈനിക മുന്നേറ്റം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ് ഇപ്പോള്‍ സൈന്യം.
ദൌത്യത്തില്‍ ഏറെ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ഇറാഖ് സൈന്യം അറിയിച്ചു. നഗരത്തിന്റെ കിഴക്കന്‍ മേഖലയില്‍ 30 കിലോമീറ്ററോളം അടുത്ത് സൈന്യം എത്തിയിട്ടുണ്ട്. അമേരിക്കന്‍ നേതൃത്വത്തിലൂള്ള സഖ്യസേനയുടെ പിന്തുണയോടെയാണ് കുര്‍ദുകളുടെയും ഇറാഖ് സേനയുടെയും മുന്നേറ്റം.
അയ്യായിരത്തോളം അമേരിക്കന്‍ സൈനികരാണ് ദൌത്യത്തില്‍ ഇറാഖി സേനയെ സഹായിക്കുന്നത്. സര്‍ക്കാര്‍ സൈന്യം മുന്നേറ്റം തുടരുന്നതിനിടെ ആക്രമണം താത്കാലത്തേക്ക് നിര്‍ത്തിവെക്കുന്നതായി കുര്‍ദുകള്‍ പ്രഖ്യപിച്ചു. ഇറാഖ് സൈന്യം ആക്രമണത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായാണ് കുര്‍ദിഷ് സേനയുടെ തീരുമാനം. ഐഎസ് അധീനതയിലുള്ള ഏറ്റവും വലിയ ഇറാഖി പട്ടണമാണ് മൂസില്‍. മൂസില്‍ തിരിച്ചുപിടിക്കുന്നത് ഭീകരവാദത്തിനെതിരായ യുദ്ധത്തിലെ നിര്‍ണായക ഘട്ടമാണെന്ന് അമേരിക്കന്‍ പ്രതിരോധസെക്രട്ടറി ആഷ് കാര്‍ട്ടര്‍ പറഞ്ഞു.