സിറിയയില്‍ റഷ്യ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഒരു വര്‍ഷത്തിനിടെ 10000പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ബ്രിട്ടന്‍ ആസ്ഥാനമായ സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ആണ് കണക്കുകള്‍ പുറത്ത് വിട്ടത്.
സിറിയയില്‍ റഷ്യ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഒരു വര്‍ഷത്തിനിടെ 10000പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ നിരീക്ഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. ഇവരില്‍ 4000ത്തിലധികം പേരും സിവിലിയന്‍മാരാണ്. അലപ്പോയില് വ്യോമാക്രമണം തുടരുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ബ്രിട്ടന്‍ ആസ്ഥാനമായ സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ആണ് കണക്കുകള്‍ പുറത്ത് വിട്ടത്. ഒരു വര്‍ഷത്തിനിടെ റഷ്യന്‍ വ്യോമാക്രമണങ്ങളില്‍ മാത്രം 9364 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്.
ഇവരില്‍ 5500 പേര്‍ ഐഎസ് ഭീകരരോ മറ്റ് വിമതരോ ആണ്. 20000 ത്തിലധികം സിവിലിയന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കണക്കുകള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിലും കൂടുമെന്ന് മനുഷ്യാവാകാശ സംഘടന പറയുന്നു. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 30 നാണ് സിറിയയില്‍ റഷ്യന്‍ വ്യോമസേന ആക്രമണം തുടങ്ങിയത്.
എന്നാല്‍ ഈ കണക്കുകള്‍ വിശ്വസിക്കാനാവുന്നതല്ലെന്ന് റഷ്യ പ്രതികരിച്ചു. സിവിലിയന്‍ മാര്‍ക്ക് നേരെയുള്ള ആക്രമണത്തിനതെിരെ റഷ്യക്കെതിരെ ശക്തമായ വിമര്‍ശമാണ് ഉയരുന്നത്.