മൌനം വെടിഞ്ഞു, നൊബേല്‍ സ്വീകരിക്കുമെന്ന് ബോബ് ഡിലന്‍
ബ്രിട്ടനിലെ ഒരു പത്രത്തോടാണ് പുരസ്കാരം സ്വീകരിക്കാന്‍ സന്നദ്ധമാണെന്ന കാര്യം ഡിലന്‍ ആദ്യമായി വ്യക്തമാക്കിയത്
സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ച അമേരിക്കന്‍ സംഗീതജ്ഞനും ഗാനരചയിതാവുമായ ബോബ് ഡിലന്‍ മൌനം വെടിഞ്ഞ് രംഗത്ത്. ഡിലന്‍ പുരസ്കാരം സ്വീകരിക്കാന്‍ സന്നദ്ധത അറിയിച്ചതായി നൊബേല്‍ ഫൌണ്ടേഷന്‍ അറിയിച്ചു.
ഒക്ടോബര്‍ 13 നായിരുന്നു സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ബോബ് ഡിലനാണെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിനോട് യാതൊരു തരത്തിലും പ്രതികരിക്കാതെ ഡിലന്‍ മൌനം ഭുജിച്ചത് വലിയ ചര്‍ച്ചയാവുകയും നൊബേല്‍ ഫൌണ്ടേഷനെത്തന്നെ ആശങ്കയിലാക്കുകയും ചെയ്തു. ഇതിനറുതിവരുത്തിയാണ് ഒടുവില്‍ ഡിലന്‍ പുരസ്കാരം സ്വീകരിക്കാന്‍ സന്നദ്ധത അറിയിച്ചതായി നൊബേല്‍ ഫൌണ്ടേഷന്‍ തന്നെ വ്യക്തമാക്കിയത്. പുരസ്കാരത്തിന് തെരഞ്ഞെടുത്തത് തന്നെ നിശബ്ദനാക്കുകയായിരുന്നുവെന്നാണ് ഡിലന്റെ ഇതിനോടുള്ള പ്രതികരണം. ഇതുവരെ പുരസ്കാരം സ്വീകരിക്കാന്‍ ഡിലന്‍ വരുമെന്ന കാര്യത്തില്‍ ഫൌണ്ടേഷന് യാതൊരു ഉറപ്പുമില്ലായിരുന്നു. ബ്രിട്ടനിലെ ഒരു പത്രത്തോടാണ് പുരസ്കാരം സ്വീകരിക്കാന്‍ സന്നദ്ധമാണെന്ന കാര്യം ഡിലന്‍ ആദ്യമായി വ്യക്തമാക്കിയത്. സ്വീഡിഷ് അക്കാഡമിയിലെ സ്ഥിരാംഗമായ സാറ ഡാനിയസിനെ ഫോണില്‍ നേരിട്ടുവിളിച്ച് ഡിലന്‍ സംസാരിച്ചതായും നൊബേല്‍ ഫൌണ്ടേഷന്‍ വ്യക്തമാക്കി. സാധ്യമാണെങ്കില്‍ പുരസ്കാരചടങ്ങില്‍ പങ്കെടുക്കുമെന്ന ഡിലന്‍റെ വാക്കുകള്‍ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അധികൃതര്‍ പറഞ്ഞു.
അമേരിക്കൻ ഗാന പാരമ്പര്യത്തിൽ പുതിയ കാവ്യഭാവങ്ങൾ കൊണ്ടുവന്നതിനാണ് 74കാരനായ ഡിലന് നൊബേല്‍ പുരസ്കാരം സമ്മാനിക്കുന്നത്.