ട്രംപിന്റെ ഭരണനേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതിന് 15 ലക്ഷം ഡോളറിന്റെ ടിവി പരസ്യം
ആദ്യ 100 ദിവസത്തെ നേട്ടങ്ങള്‍ സൂചിപ്പിക്കാനാണ് പരസ്യം
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണനേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിന്15 ലക്ഷം ഡോളറിന്റെ ടി.വി പരസ്യം .ആദ്യ 100 ദിവസത്തെ നേട്ടങ്ങള്‍ സൂചിപ്പിക്കാനാണ് പരസ്യം.പരസ്യച്ചിത്രം ഇതിനകം പുറത്തായിട്ടുണ്ട്.
ട്രംപിന്റെ പ്രചാരണ സംഘടനയാണ് 15 ലക്ഷം ഡോളറിെൻറ ടി.വി പരസ്യം നൽകിയത്. ഇത്ര വലിയ തുക മുടക്കിയ കാര്യം അമേരിക്കന്‍ മാധ്യമങ്ങള്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തതും. രാജ്യത്താകമാനമുള്ള പ്രധാന കേന്ദ്രങ്ങളിൽ പരസ്യം സംപ്രേഷണം ചെയ്യും. ഒാൺലൈനിലെ പ്രത്യേക വോട്ടിങ് സംഘങ്ങളെ ലക്ഷ്യംവെച്ചാണ് പരസ്യം . 'ഫസ്റ്റ് 100 ഡെയിസ്' എന്നാണ് ഹ്രസ്വ ചിത്രത്തിന്റെ പേര്. മുപ്പത് സെക്കന്‍ഡാണ് ദൈര്‍ഘ്യം.
പരസ്യത്തിൽ ട്രംപിന്റെ ആദ്യ ആഴ്ചയിലെ ഭരണത്തിനാണ് മുഖ്യ പ്രാധാന്യം. വ്യക്തമായ കാഴ്ചപ്പാട്, കൃത്യമായ നേതൃത്വം, അമേരിക്കൻ ജനതയോടുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത എന്നിവയാണ് വീഡിയോയിലൂടെ പറഞ്ഞുവെക്കുന്നത്. മാധ്യമങ്ങളുടെ പക്ഷപാത പ്രവണതക്കെതിരെ ട്രംപിന്റെ നടപടികൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അണിയറക്കാര്‍ പറയുന്നു.