അലെപ്പോ പിടിച്ചെടുക്കാന്‍ സൈന്യവും വിമതരും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷം
അസദ് സര്‍ക്കാരിന്റെ സൈന്യം വിമതര്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ സിറിയന്‍ ചാനല്‍ പുറത്തുവിട്ടു.
അലെപ്പോ നഗരം പിടിച്ചെടുക്കാനായി സിറിയന്‍ സേനയും വിമതരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. അസദ് സര്‍ക്കാരിന്റെ സൈന്യം വിമതര്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ സിറിയന്‍ ചാനല്‍ പുറത്തുവിട്ടു.
ലബനനിലെ ഹിസ്ബുള്ളയുടെയും റഷ്യന്‍ വ്യോമസേനയുടെയും പിന്തുണയോടെ അസദ് സൈന്യം അലെപ്പോയില്‍ മുന്നേറ്റം നടത്തിയിരുന്നു. സിറിയന്‍ സൈന്യം വിമതര്‍ക്ക് നേരെ വ്യോമാക്രമണം നടത്തുന്ന ദൃശ്യങ്ങളാണ് സിറിയന്‍ ടി വി പുറത്ത് വിട്ടിരിക്കുന്നത്. സൈന്യം ആക്രമണം തടുങ്ങിയതോടെ വിമതര്‍ സര്‍ക്കാര്‍ അധീന മേഖലകളില്‍ ഷെല്ലാക്രമണം ശക്തമാക്കി. ആക്രമണം നടക്കുന്ന മേഖലകളില്‍ ഏകദേശം 10 ലക്ഷത്തോളം പേര്‍ കുടുങ്ങികിടക്കുകയാണ്. നഗരത്തിലെ മറ്റ് വിമത മേഖലകള്‍ ലക്ഷ്യമാക്കിയും ആക്രമണം നടക്കുന്നുണ്ട്.
വിമത സ്വാധീന മേഖലകളില്‍ അസദ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉപരോധം തുടരുകയാണ്. അവശ്യവസ്തുക്കള്‍ പരമാവധി സംഭരിച്ചിരുന്നെങ്കിലും ക്ഷാമം നേരിടുന്നുണ്ട്. അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിനും പ്രദേശത്തെ സിവിലിയന്‍മാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ സെപ്റ്റംബറിലാണ് റഷ്യ വ്യോമാക്രമണം തുടങ്ങിയത്.