ഇറാനുമായുള്ള ആണവ കരാര്‍ ട്രംപ് റദ്ദാക്കിയേക്കും
പ്രഖ്യാപനം അടുത്തയാഴ്ച തന്നെയുണ്ടാകുമെന്ന് അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
ഇറാനുമായുള്ള ആണവ കരാര്‍ ട്രംപ് റദ്ദാക്കിയേക്കുമെന്ന് സൂചന. പ്രഖ്യാപനം അടുത്തയാഴ്ച തന്നെയുണ്ടാകുമെന്ന് അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ ട്രംപ് സന്തുലിതമായ നിലപാട് സ്വീകരിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു
ഒബാമ സര്‍ക്കാര്‍ 2015ല്‍ ഇറാനുമായുണ്ടാക്കിയ ആണവകരാര്‍ ഏകപക്ഷീയമാണെന്നും താന്‍ അധികാരത്തിലെത്തിയാല്‍ അത് റദ്ദാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. അധികാരത്തിലെത്തിയതിന് ശേഷവും ഇക്കാര്യം ട്രംപ് ആവര്‍ത്തിച്ചിരുന്നു.ഒക്ടോബര്‍ 15നകം ഇറാന്‍ ആണവകരാറിനെക്കുറിച്ചുള്ള നിലപാട് അമേരിക്കന്‍ കോണ്‍ഗ്രസില്‍ വ്യക്തമാക്കേണ്ടതാണ്. കരാര്‍ ദുരന്തമാണെന്ന നിലപാടില്‍ ട്രംപ് ഉറച്ച് നില്‍ക്കുകയാണെന്നാണ് സൂചന. ആണവകരാറില്‍ നിന്ന് അമേരിക്ക പിന്മാറിയാല്‍ ഇറാന് മേല്‍ വീണ്ടും കൂടുതല്‍ ഉപരോധം കൊണ്ട് വരാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചേക്കും. ട്രംപ് ശരിയായ നിലപാടെടുത്തില്ലെങ്കില്‍ ശക്തമായി നേരിടുമെന്ന മുന്നറിയിപ്പ് ഇറാന്‍ പരമോന്നത നേതാവ് നല്‍കിക്കഴിഞ്ഞു. വിഷയത്തില്‍ ട്രംപ് സന്തുലിതമായ നിലപാട് സ്വീകരിക്കണമെന്ന് റഷ്യ വീണ്ടും ആവശ്യപ്പെട്ടു.