ഐഎസിനെതിരെ അമേരിക്കയുമായി യോജിക്കാന്‍ തയ്യാറെന്ന് ഉര്‍ദുഗാന്‍

Update: 2018-05-11 13:06 GMT
Editor : Subin
ഐഎസിനെതിരെ അമേരിക്കയുമായി യോജിക്കാന്‍ തയ്യാറെന്ന് ഉര്‍ദുഗാന്‍
Advertising

ഐഎസിനെതിരെ തുര്‍ക്കി നടത്തുന്ന പോരാട്ടത്തെ കുറച്ചു കാണുന്നില്ലെന്ന് ഒബാമ സമ്മേളനത്തിനിടെ വ്യക്തമാക്കിയതായി ഉര്‍ദുഗാന്‍ പറഞ്ഞു.

സിറിയയില്‍ ഐഎസിനെതിരെ അമേരിക്കയുമായി യോജിച്ച പോരാട്ടത്തിന് തയ്യാറാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ആവശ്യമെങ്കില്‍ ഇതിന് തയ്യാറാണെന്ന് ബറാക് ഒബാമ അറിയിച്ചിട്ടുണ്ടെന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കി.

ചൈനയിലെ ഹാങ്ഷൂവില്‍ നടന്ന ജി20 ഉച്ചകോടിക്കിടെയാണ് ഐഎസ് വിഷയം ഇരു നേതാക്കളും ചര്‍ച്ച ചെയ്തത്. ഐഎസിനെതിരെ തുര്‍ക്കി നടത്തുന്ന പോരാട്ടത്തെ കുറച്ചു കാണുന്നില്ലെന്ന് ഒബാമ സമ്മേളനത്തിനിടെ വ്യക്തമാക്കിയതായി ഉര്‍ദുഗാന്‍ പറഞ്ഞു. ആവശ്യമെങ്കില്‍ ഒരു സംയുക്ത നീക്കം ഐഎസിനെതിരെ നടത്തുമെന്ന് ഒബാമ അറിയിച്ചിട്ടുണ്ടെന്നും ഉര്‍ദുഗാന്‍ അറിയിച്ചു. ഐഎസ് സ്വാധീന മേഖലയായ സിറിയയിലെ റക്കയില്‍ നിന്ന് തീവ്രവാദത്തെ തുടച്ചു നീക്കാനാണ് ശ്രമമെന്നും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തുര്‍ക്കിയുടെ നിലപാടിനോട് വാഷിങ്ടണ്‍ പ്രതികരിച്ചിട്ടില്ല.

ഒരു വെടിക്ക് രണ്ട് പക്ഷി എന്ന നിലയില്‍ ഐഎസിനെയും കുര്‍ദുകളെയും തകര്‍ക്കുകയാണ് തുര്‍ക്കിയുടെ ലക്ഷ്യം. അമേരിക്കയുടെ സഹായം ലഭ്യമാകുകയാണെങ്കില്‍ ഇത് സാധ്യമാകുമെന്നാണ് തുര്‍ക്കിയുടെ കണക്കു കൂട്ടല്‍. അമേരിക്കന്‍ പിന്തുണ ലഭിച്ചാലും ഇല്ലെങ്കിലും സിറിയയിലെ പോരാട്ടം തുടരുമെന്ന് നിലപാടാണ് തുര്‍ക്കിയുടെത്. മുന്നോട്ടു വെച്ച കാല്‍ പിന്നോട്ടില്ലെന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കുകയും ചെയ്തു. തങ്ങല്‍ പിന്‍വാങ്ങിയാല്‍ തീവ്രവാദികള്‍ വീണ്ടും ശക്തിപ്പെടുമെന്നും ഉര്‍ദുഗാന്‍ അറിയിച്ചു. സമീപ ദിവസങ്ങളില്‍ ഐഎസിന്റെയും കുര്‍ദുകളുടെയും ശക്തി കേന്ദ്രങ്ങളില്‍ വലിയ മുന്നേറ്റം നടത്താന്‍ തുര്‍ക്കിക്ക് സാധിച്ചിരുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News