കൊളംബിയയിലെ നീണ്ട അഭ്യന്തര യുദ്ധത്തിന് വിരാമം കുറിച്ച് ഇരു വിഭാഗവും ഇന്ന് സമാധാന കരാറില്‍ ഒപ്പ് വെക്കും
പത്താമത് ഗറില്ല സമ്മേളനത്തില്‍ 200 പ്രതിനിധികള്‍ ഐകകണ്ഠേന സമാധാന ശ്രമങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് വിമത വിഭാഗം ഉടമ്പടിക്ക് തയ്യാറായത്.
കൊളംബിയയിലെ 52 വര്‍ഷം നീണ്ട അഭ്യന്തര യുദ്ധത്തിന് വിരാമം കുറിച്ച് സര്‍ക്കാരും വിമത നേതൃത്വവും ഇന്ന് സമാധാന കരാറില്‍ ഒപ്പ് വെക്കും. യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണിന്റെ സാന്നിധ്യത്തിലാണ് ഇരുവിഭാഗവും കരാര്‍ ഒപ്പിടുന്നത്. അഞ്ച് പതിറ്റാണ്ടില്‍ പരം നീണ്ടു നിന്ന അഭ്യന്തര സംഘര്‍ഷത്തില്‍ 10 ലക്ഷത്തിലധികം പേര്‍ മരിച്ചെന്നാണ് കണക്ക്.
കരീബിയന്‍ നഗരമായ കാര്‍ട്ടജീനയിലാണ് ചരിത്രപരമായ സമാധാന ഉടമ്പടി ഒപ്പുവെക്കുന്നത്. കൊളംബിയ പ്രസിഡനറ് ജുവാന്‍ മാനുവല്‍ സാന്റോസും വിമത വിഭാഗമായ റവല്യൂഷണറി ആര്‍ന്റ് ഫോഴ്സസ് ഓഫ് കൊളംബിയയുടെ കമാന്‍ഡര്‍ റോഡ്രോഗോ ലോണ്‍ഡനോയുമാണ് കരാറില്‍ ഒപ്പ് വെയ്ക്കുന്നത്. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍കിമൂണ്‍, യുഎന്‍ സുരക്ഷ സമിതി മേധാവി സയിദ് റാദ് അല്‍ ഹുസൈന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഉടന്പടി ഒപ്പുവെക്കുന്നത്. പത്ത് ലക്ഷം പേരുടെ മരണത്തിന് ഇടയാക്കിയ 52 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തിന് വിരാമം കുറിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ ക്യൂബന് തലസ്ഥാനമായ ഹവാനയിലാണ് നടന്നത്. ക്യൂബന്‍ മുന്‍ പ്രസിഡന്റ് ഫിദല്‍ കാസ്ട്രോയാണ് ഇരുവിഭാഗത്തെയും സമാധാന പാതയിലേക്കെത്തിക്കാന്‍ നിര്‍ണായക പങ്ക് വഹിച്ചത്. ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ഫിദല്‍ കാസ്ട്രോ കഴിഞ്ഞ ദിവസം കാര്‍ട്ടീജിനയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
പത്താമത് ഗറില്ല സമ്മേളനത്തില്‍ 200 പ്രതിനിധികള്‍ ഐകകണ്ഠേന സമാധാന ശ്രമങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് വിമത വിഭാഗം ഉടമ്പടിക്ക് തയ്യാറായത്. വെനസ്വേല, ബൊളീവിയ, ക്യൂബ, ഇക്വഡോര്‍, എല്‍ സാല്‍വദോര്‍, ചിലി. ഗ്വാട്ടിമാല മുതലായ രാഷ്ട്ര നേതാക്കള്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിന്നടക്കം 1000ത്തോളം മാധ്യമപ്രവര്‍ത്തകരും പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി എത്തുന്നുണ്ട്.