തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ മൂന്നു മാസത്തേക്ക് കൂടി നീട്ടും

Update: 2018-05-11 19:35 GMT
Editor : Alwyn K Jose
തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ മൂന്നു മാസത്തേക്ക് കൂടി നീട്ടും
Advertising

നേരത്തെ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ കാലാവധി പൂര്‍ത്തിയാവുന്ന ഒക്ടോബര്‍ 19 ന് തീരുമാനം പ്രാബല്യത്തില്‍ വരും.

തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ മൂന്ന് മാസത്തേക്ക്കൂടി നീട്ടാന്‍ തുര്‍ക്കി മന്ത്രിസഭ തീരുമാനിച്ചു. നേരത്തെ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ കാലാവധി പൂര്‍ത്തിയാവുന്ന ഒക്ടോബര്‍ 19 ന് തീരുമാനം പ്രാബല്യത്തില്‍ വരും. ദേശീയ സുരക്ഷാ സമിതിയിലെ നീതിന്യായ ഉപദേശക സമിതിയാണ് തീരുമാനമെടുത്തത്. ഇതിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കുകയായിരുന്നു.

അടിയന്തരാവസ്ഥ കാലാവധി നീട്ടുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രസിഡന്റ് റജബ് ത്വയിബ് ഉറുദുഗാന്‍ സൂചന നല്‍കിയിരുന്നു. ജൂലൈ മാസത്തിലായിരുന്നു തുര്‍ക്കിയിലെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പട്ടാളത്തിലെ ഒരുവിഭാഗം ശ്രമിച്ചത്. എന്നാല്‍ സര്‍ക്കാരും ജനങ്ങളും ഒരുമിച്ച് നടത്തിയ ഇടപെടലിലൂടെ അട്ടിമറിശ്രമത്തെ പരാജയപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് രാജ്യത്തെ ജനാധിപത്യസംവിധാനം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് തുര്‍ക്കി അന്ന് മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സൈനിക അട്ടിമറി ശ്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്ന ഫത്ഹുല്ല ഗുലനെ വിട്ടുകിട്ടണമെന്ന് തുര്‍ക്കി അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുര്‍ക്കി അതിര്‍ത്തിയില്‍ നിന്ന് കുര്‍ദ് പോരാളികളെ പിന്‍വലിക്കാമെന്ന വാഗ്ദാനം അമേരിക്ക പാലിക്കണമെന്നും ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും സര്‍ക്കാര്‍ വക്താവുകൂടിയായ നുമാന്‍ കുര്‍ത്തുല്‍മുസ് ആവശ്യപ്പെട്ടു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News