ഹുദൈദ തുറമുഖത്തിലെ ഏതാനും റഡാറുകള്‍ സഖ്യസേന തകര്‍ത്തു
തലസ്ഥാന നഗരമായ സന്‍ആയിലെ ഹൂതി കേന്ദ്രങ്ങളും ബുധനാഴ്ച സഖ്യസേനയുടെ ആക്രമണത്തിന് വിധേയമായിട്ടുണ്ട്
സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന യമനില്‍ തുടരുന്ന സൈനിക നടപടിയുടെ ഭാഗമായി പടിഞ്ഞാറന്‍ യമനിലെ തീര നഗരമായ ഹുദൈദ തുറമുഖത്തിലെ ഏതാനും റഡാറുകള്‍ സഖ്യസേന തകര്‍ത്തതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. തലസ്ഥാന നഗരമായ സന്‍ആയിലെ ഹൂതി കേന്ദ്രങ്ങളും ബുധനാഴ്ച സഖ്യസേനയുടെ ആക്രമണത്തിന് വിധേയമായിട്ടുണ്ട്.
ഹുതി, അലി സാലിഹ് പക്ഷത്തിന് കഴിഞ്ഞ രണ്ട് മാസത്തിനകം സൈനിക നേത്യത്വത്തിലെ ഏതാനും പ്രമുഖരെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും സഖ്യസേന അവകാശപ്പെട്ടു. യമന്‍ തലസ്ഥാനമായ സന്‍ആ, നഹം, ഹുദൈദ എന്നീവിടങ്ങളില്‍ ഹൂതികള്‍ കേന്ദ്രീകരിച്ച പ്രദേശങ്ങള്‍ ലക്ഷ്യമാക്കിയാണ് ബുധനാഴ്ച സഖ്യസേന ആക്രമണം നടത്തിയത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള തുറമുഖത്തെ നാവിക സേന ആസ്ഥാനം ആക്രമിക്കാനും റഡാറുകള്‍ തകര്‍ക്കാനും സഖ്യസേനക്ക് സാധിച്ചിട്ടുണ്ട്. സന്‍ആയിലെ ഹൂതി സൈനിക കേന്ദ്രത്തിന് നേരെ രണ്ട് ആക്രമണവും വടക്ക് ദൈലമി സൈനിക താവളത്തില്‍ ആവര്‍ത്തിച്ചുള്ള അഞ്ച് ആക്രമണവും നടന്നതായി ദൃക്സാക്ഷികളെ ഉദ്ദരിച്ച് അല്‍അറബിയ്യ റിപ്പോര്‍ട്ട് ചെയ്തു. ബനൂഹശീശിലെ ഹൂതി സൈനിക പരിശീലന കേന്ദ്രത്തിന് നേരെയും ബുധനാഴ്ച ആക്രമണമുണ്ടായി.
പടിഞ്ഞാറന്‍ യമനിലെ തഅസ് പ്രവിശ്യയിലുള്ള തീരപ്രദേശമായ മഖാഅ്, കഹ്ബൂബ് എന്നീ പ്രദേശങ്ങളിലുള്ള ഹൂതി സൈനിക കേന്ദ്രങ്ങളിലും സഖ്യസേന ബുധനാഴ്ച ആക്രമണം നടത്തുകയുണ്ടായി.