ഫിലിപ്പീന്‍സ് ഹൈമ ചുഴലിക്കാറ്റ് ഭീതിയില്‍

Update: 2018-05-11 22:56 GMT
ഫിലിപ്പീന്‍സ് ഹൈമ ചുഴലിക്കാറ്റ് ഭീതിയില്‍
Advertising

കാറ്റ് ആഞ്ഞടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി.

ഫിലിപ്പീന്‍സില്‍ ഹൈമ ചുഴലിക്കാറ്റ് ഭീതി. കാറ്റ് ആഞ്ഞടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കുന്നത് തുടരുകയാണ്.

മൂന്ന് വര്‍ഷത്തിനിടെ ഫിലിപ്പീന്‍സില്‍ വീശിയടിക്കുന്ന ചുഴലിക്കാറ്റുകളില്‍ ശക്തിയേറിയതായിരിക്കും ഹൈമ ചുഴലിക്കാറ്റെന്നാണ് വിലയിരുത്തപ്പെടുന്നത്. വടക്കന്‍ തീരമേഖലയിലാണ് ഹൈമ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മേഖലയിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. കാറ്റഗറി അഞ്ചില്‍പ്പെടുന്ന ഹൈമ ചുഴലിക്കാറ്റ് വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, കടല്‍ക്ഷോഭം എന്നിവക്ക് ഇടയാക്കും. അഞ്ച് മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകളുയരാനുള്ള സാധ്യതയുണ്ട്. കാറ്റ് ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ കടലില്‍ ഇറങ്ങുന്നത് പൂര്‍ണമായും വിലക്കി. സ്കൂളുകള്‍ക്ക് അവധിപ്രഖ്യാപിച്ചു. നിരവധി വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. പലയിടങ്ങളിലും ജനങ്ങളെ നിര്‍ബന്ധമായും ഒഴിപ്പിക്കുന്നത് തുടരുകയാണ്.

എല്ലാവര്‍ഷവും 20 ലേറെ ചുഴലിക്കാറ്റുകളാണ് ഫിലിപ്പീന്‍സില്‍ ആഞ്ഞടിക്കാറുള്ളത്. ഈ വര്‍ഷം വീശിയടിക്കുന്ന പന്ത്രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഹൈമ. 2013ല്‍ ഹയാന്‍ ചുഴലിക്കാറ്റില്‍പ്പെട്ട് ഏകദേശം 6000പേരാണ് ഫിലിപ്പീന്‍സില്‍ മരിച്ചത്.

Tags:    

Similar News