ഫിലിപ്പീന്‍സില്‍ വിമതസംഘം ജയില്‍ ആക്രമിച്ച് 160ഓളം തടവുകാരെ രക്ഷപ്പെടുത്തി
മോറോ നാഷനല്‍ ലിബറേഷന്‍ ഫ്രണ്ടാണ് ജയില്‍ ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍
ഫിലിപ്പീന്‍സില്‍ വിമതസംഘം ജയില്‍ ആക്രമിച്ച് 160ഓളം തടവുകാരെ രക്ഷപ്പെടുത്തി. സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറുപേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. രക്ഷപ്പെട്ടവര്‍ക്കായി വ്യാപക തിരച്ചില്‍ തുടരുകയാണ്. തെക്കന്‍ ഫിലിപ്പീന്‍സിലെ കിദാപാവാന്‍ നഗരത്തിലെ ജയിലിലാണ് സംഭവം.
മനിലയില്‍നിന്ന് 930 കി.മീ അകലെയാണ് കിദാപാവാന്‍ നഗരം. മോറോ നാഷനല്‍ ലിബറേഷന്‍ ഫ്രണ്ടാണ് ജയില്‍ ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. മിന്‍ദാനോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സായുധ സംഘമാണിത്. തെക്കന്‍ ഫിലിപ്പീന്‍സില്‍ സര്‍ക്കാര്‍ സൈന്യവും ഈ വിമതസംഘവും തമ്മില്‍ പതിറ്റാണ്ടുകളായി ഏറ്റുമുട്ടലിലാണ്.
മോറോ ജനതക്ക് സ്വയംഭരണം വേണമെന്നാണ് സംഘത്തിന്റെ ആവശ്യം. ഇവരുമായി ചര്‍ച്ചക്ക് സര്‍ക്കാര്‍ സന്നദ്ധമാണെന്നറിയിച്ചിരുന്നു. ലക്ഷത്തിലേറെ പേര്‍ ഈ കലാപത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ തുടങ്ങിയ ജയില്‍ ആക്രമണം മണിക്കൂറുകളോളം നീണ്ടു. ഇതിനിടയിലാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് തടവുകാര്‍ അടുത്തുള്ള കാട്ടിലേക്ക് രക്ഷപ്പെട്ടത്. ഇവര്‍ക്കായി തിരച്ചില്‍ പുരേഗമിക്കുകയാണ്.