ഫലസ്തീന്‍ യുവാവിനെ കൊലപ്പെടുത്തിയ ഇസ്രയേല്‍ സൈനികനെ കൊലക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കി
കാലില്‍ വെടിയേറ്റു കിടന്ന അബ്ദുല്‍ ഫത്താഹ് അശ്ശരീഫ് എന്ന 21കാരന്‍റെ തലയിലേക്ക് നിറയൊഴിക്കുന്ന സൈനികരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ഫലസ്തീന്‍ യുവാവിനെ ക്രൂരമായ കൊലപ്പെടുത്തിയ ഇസ്രായേലി സൈനികനെ കോടതി കൊലക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കി. മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് എടുത്ത് മുന്നോട്ട് പോകാന്‍ കോടതി നിര്‍ദേശിച്ചു. അതിനിടെ തങ്ങളുടെ പൌരന്മാര്‍ക്ക് നേരെ ഇസ്രയേലിന്‍റെ ഭാഗത്ത് നിന്ന് നിരന്തരമുണ്ടാകുന്ന ആക്രമണങ്ങളെ ഫലസ്തീന്‍ പ്രസിഡന്‍റ് മഹമ്മൂദ് അബ്ബാസ് അപലപിച്ചു.
ഒരാഴ്ച മുമ്പാണ് രണ്ട് ഫലസ്തീന്‍ യുവാക്കളെ ഇസ്രയേലിസൈന്യം വെടിവെച്ച് കൊന്നത്. കാലില്‍ വെടിയേറ്റു കിടന്ന അബ്ദുല്‍ ഫത്താഹ് അശ്ശരീഫ് എന്ന 21കാരന്‍റെ തലയിലേക്ക് നിറയൊഴിക്കുന്ന സൈനികരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇസ്രായേലിലെ മനുഷ്യാവകാശ സംഘടനയായ ബൈത്ത് സലം ആണ് വിഡിയോ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്. പ്രതിഷേധം ശക്തമായതോടെയാണ് സൈനികനെ പൊലീസ് അറസ്റ്റ് ചെയ്ത് കൊലപാതകകുറ്റം ചുമത്തിയത്.
എന്നാല്‍ കേസ് മനപൂര്‍വമല്ലാത്ത നരഹത്യയായിപരിഗണിക്കാമെന്നാണ് കോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. നീതിന്യായവ്യവസ്ഥയുടെ എല്ലാപരിധിയും ലംഘിച്ച കൊലപാതകമെന്ന് യുഎന്‍ പോലും വിശേഷിപ്പിച്ചതിന് ശേഷമാണ് സൈനികനെ കൊലപാതക കേസില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള കോടതി നടപടി.
അതിനിടെ നിരന്തരമുണ്ടാകുന്ന ആക്രമണങ്ങളെ ഫലസ്തീന്‍ പ്രസിഡന്‍റ് മഹമൂദ് അബ്ബാസ്അപലപിച്ചു. വിഷയത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും മെഹമൂദ് അബ്ബാസ് വ്യക്തമാക്കി. ഇസ്രയേല്‍ സൈന്യത്തിന്‍റെ നടപടിയെ ന്യായീകരിച്ച് നേരത്തെ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു രംഗത്ത് വന്നിരുന്നു.