ഉത്തരകൊറിയക്കെതിരെയുള്ള നടപടികള്‍ എന്താകുമെന്ന് മുന്‍കൂട്ടി പ്രവചിക്കാനാകില്ലെന്ന് ട്രംപ്
സംയുക്ത സൈനികാഭ്യാസം നടത്തിയ അമേരിക്കക്കും ദക്ഷിണ കൊറിയക്കുമെതിരെ ഭീഷണിയുമായി ഉത്തരകൊറിയ രംഗത്തെത്തി.
ഉത്തരകൊറിയന്‍ ഭീഷണികളോട് അമേരിക്ക സ്വീകരിക്കുന്ന നടപടികള്‍ എന്താകുമെന്ന് മുന്‍കൂട്ടി പ്രവചിക്കാനാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രശ്നപരിഹാരത്തിന് ചൈനീസ് പ്രസിഡന്റും ശ്രമിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. സംയുക്ത സൈനികാഭ്യാസം നടത്തിയ അമേരിക്കക്കും ദക്ഷിണ കൊറിയക്കുമെതിരെ ഭീഷണിയുമായി ഉത്തരകൊറിയ രംഗത്തെത്തി.
ഭരണത്തിലെത്തിയ 100 ദിവസം വിശദീകരിക്കാന്‍ അനുവദിച്ച സ്വകാര്യ ടിവി അഭിമുഖത്തിലാണ് ഉത്തരകൊറിയന്‍ ഭീഷണികളെക്കുറിച്ച് ട്രംപ് നിലപാട് വ്യക്തമാക്കിയത്.എന്ത് നടപടികളാണ് ഉത്തരകൊറിയക്കെതിരെ സ്വീകരിക്കുക എന്ന് മുന്‍കൂട്ടി പറയാനാകില്ല.
ഉത്തരകൊറിയ ഉയര്‍ത്തുന്ന ഭീഷണികളെ നേരിടുന്നതിനെപ്പറ്റി ട്രംപ് മേഖലയിലെ രാഷ്ട്രനേതാക്കളുമായി കൂടിയാലോചന നടത്തുന്നുണ്ടെന്ന് വൈറ്റ് ഹൌസ് സ്ഥിരീകരിച്ചു.ഫിലിപ്പീന്‍ പ്രസിഡന്റിന് പുറമേ സിംഗപ്പൂര്‍,തായ്‍ലാന്‍ഡ് തുടങ്ങിയ രാഷ്ട്രനേതാക്കളുമായും ട്രംപ് ഫോണില്‍ സംസാരിച്ചു.അതിനിടെ സംയുക്ത സൈനികാഭ്യാസം നടത്തി മേഖലയില്‍ പ്രകോപനം തുടര്‍ന്നാല്‍ അനിവാര്യമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഉത്തര കൊറിയ അമേരിക്കക്കും ദക്ഷിണകൊറിയക്കും മുന്നറിയിപ്പ് നല്‍കി. ഉത്തരകൊറിയയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സിസായ കെസിഎന്‍എ വഴിയാണ് മുന്നറിയിപ്പ് പുറത്തുവിട്ടത്. ആണവശേഷിയുള്ള ദീര്‍ഘദൂര മിസൈലുകള്‍ ഉത്തരകൊറിയ പരീക്ഷച്ചതിനെത്തുടര്‍ന്നാണ് മേഖല സംഘര്‍ഷഭരിതമായത്.