69 മനുഷ്യാവകാശ പ്രവര്‍ത്തകരെ പുതിയ മ്യാന്മര്‍ സര്‍ക്കാര്‍ മോചിപ്പിച്ചു
നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി അനുയായികളെയാണ് മോചിപ്പിച്ചത്
മ്യാന്മറില്‍ ജയിലിലടക്കപ്പെട്ട 69 മനുഷ്യാവകാശ പ്രവര്‍ത്തകരെ പുതിയ മ്യാന്മര്‍ സര്‍ക്കാര്‍ മോചിപ്പിച്ചു.2015ല്‍ വിദ്യാര്‍ഥി പ്രക്ഷോഭ സമയത്ത് അറസ്റ്റിലായ സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി അനുയായികളെയാണ് മോചിപ്പിച്ചത്.
ആങ്സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് ഒരാഴ്ചക്കുള്ളിലാണ് 2015 ലെ പ്രക്ഷോഭത്തിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട 62 മനുഷ്യാവകാശ പ്രവര്‍ത്തകരെ മോചിപ്പിച്ചത്. രാഷ്ട്രീയകുറ്റത്തിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട നൂറിലധികം പേര്‍ക്ക് മാപ്പ്നല്‍കാന്‍ പുതിയ പ്രസിഡണ്ട് ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. 50 വര്‍ഷം നീണ്ട പട്ടാളഭരണത്തിന്‍കീഴില്‍ സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടിയുടെ നിരവധി അനുയായികള്‍ രാഷ്ട്രീയകുറ്റത്തിന്റെ പേരില്‍ ജയിലിലടക്കപ്പെട്ടിരുന്നു. സൂചി തന്നെയും നിരവധി വര്‍ഷം വീട്ടുതടങ്കലിലായിരുന്നു.
ജയിലില്‍ ബാക്കിയുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നതിനാണ് സര്‍ക്കാറിന്റെ പ്രഥമ പരിഗണനയെന്ന് സൂചി വ്യക്തമാക്കി. സെക്ഷന്‍ 494 ഉം 494 എയും പ്രകാരമാണ് കോടതി തടവുകാരെ മോചിപ്പിച്ചതെന്ന് ജഡ്ജി വ്യക്തമാക്കി. ആംനസ്റ്റി ഇന്റര്‍നാഷണല്‍ മ്യാന്മര്‍ സര്‍ക്കാറിന്റെ പുതിയ നടപടിയെ പ്രശംസിച്ച് രംഗത്തുവന്നു. 414 തടവുകാരില്‍ നിന്നുള്ള 69 പേരെയാണ് ഇപ്പോള്‍ മോചിപ്പിച്ചിരിക്കുന്നത്. അതേസമയം 47 പേര്‍ റിമാന്റിലും 298 പേര്‍ ജാമ്യത്തിലും തുടരുകയാണെന്ന് മ്യാന്മറിലെ മനുഷ്യാവകാശ പോരാളിയും വിദ്യാര്‍ഥി നേതാവുമായ മിന്‍ ത്വേ തിറ്റ് പറഞ്ഞു.