ദക്ഷിണ കൊറിയയെ ആക്രമിക്കുമെന്ന സൂചന നല്‍കി ഉത്തര കൊറിയ

Update: 2018-05-11 03:59 GMT
Editor : Jaisy
ദക്ഷിണ കൊറിയയെ ആക്രമിക്കുമെന്ന സൂചന നല്‍കി ഉത്തര കൊറിയ
Advertising

ദക്ഷിണ കൊറിയയുടെ അതിര്‍ത്തിക്ക് സമീപമുള്ള രണ്ട് ദീപുകളിലെ സൈനിക താവളങ്ങളിലായിരുന്നു സന്ദര്‍ശനം

ദക്ഷിണ കൊറിയയെ ആക്രമിക്കുമെന്ന സൂചന നല്‍കി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ സൈനികത്താവളത്തില്‍ സന്ദര്‍ശനം നടത്തി. ദക്ഷിണ കൊറിയയുടെ അതിര്‍ത്തിക്ക് സമീപമുള്ള രണ്ട് ദീപുകളിലെ സൈനിക താവളങ്ങളിലായിരുന്നു സന്ദര്‍ശനം.

ഉത്തരകൊറിയയുടെ തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ജാങ്ജേ, മൂ ദ്വീപുകളിലെ സൈനികത്താവളങ്ങളില്‍ കിങ് ജോങ് ഉന്‍ സന്ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍ ചാനലായ കെ ആര്‍ ടി ആണ് റിപ്പോര്‍ട്ട് ചെയ്തതത്. സന്ദര്‍ശനം എപ്പോള്‍ നടത്തിയെന്ന് കെആര്‍ടി വ്യക്തമാക്കിയിട്ടില്ല.. എന്നാല്‍ മെയ് 4ന് രണ്ട് ദ്വീപുകളും കിങ് ജോങ് ഉന്‍ സന്ദര്‍ശിച്ചതായിയോന്‍ഹാപ് വാര്‍ത്ത ഏജന്‍സിയെ ദക്ഷിണ കൊറിയന്‍ സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. ദക്ഷിണ കൊറിയയുടെ അതിര്‍ത്തിയില്‍ നിന്ന് 12 കിലോമീറ്ററില്‍ താഴെ ദൂരം മാത്രമേ ഈ രണ്ട് ദ്വീപുകളിലേക്കുമുള്ളൂ.. നിരവധി റോക്കറ്റുകളും തോക്കുകളും ദക്ഷിണ കൊറിയയെ ഉന്നം വെച്ച് ഇവിടെ ഉണ്ടെന്നാണ് സൂചന. ഉത്തരകൊറിയയുടെ സൈനിക മേഖലകളെല്ലാം യുദ്ധ സജ്ജമാണെന്ന് പറഞ്ഞ കിങ് ജോങ് ഉന്‍ ബൈനോക്കുലറിലൂടെ ദക്ഷിണ കൊറിയയുടെ യോന്‍പ്യോങ് ദ്വീപ് വീക്ഷിച്ചതായി മറ്റൊരു സര്‍ക്കാര്‍ ചാനലായ കെസിഎന്‍എയും റിപ്പോര്‍ട്ട് ചെയ്തു. 2010ല്‍ ഉത്തരകൊറിയ യോന്‍പ്യോങ് ദ്വീപില്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. അന്ന് നാലു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇനിയൊരു ആണവ പരിക്ഷണം കൂടി നടത്തിയാല്‍ ഉത്തരകൊറിയയ്‌ക്കെതിരെ ആഞ്ഞടിക്കുമെന്ന് അമേരിക്ക പ്രഖ്യാപിക്കുകയും യുദ്ധവാഹിനികള്‍ ഉത്തരകൊറിയന്‍ തീരത്തേയ്ക്ക് അടുപ്പിക്കുകയും ചെയ്തതിന് ശേഷമാണ് കിങ് ജോങ് ഉന്നിന്റെ പ്രകോപനപരമായ സന്ദര്‍ശനം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News