ഇസ്രായേല്‍ അധിനിവേശത്തെ രൂക്ഷമായി വിമര്‍ശിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍

Update: 2018-05-11 12:53 GMT
Editor : Jaisy
ഇസ്രായേല്‍ അധിനിവേശത്തെ രൂക്ഷമായി വിമര്‍ശിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍
Advertising

ഇസ്രായേല്‍ കുടിയേറ്റ കേന്ദ്രങ്ങളുടെ വ്യാപനം സമാധാനത്തിന് ഭീഷണിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

ഇസ്രായേല്‍ അധിനിവേശത്തെ രൂക്ഷമായി വിമര്‍ശിച്ച് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസ്. ഇസ്രായേല്‍ കുടിയേറ്റ കേന്ദ്രങ്ങളുടെ വ്യാപനം സമാധാനത്തിന് ഭീഷണിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദല്ലയുമായി ചേര്‍ന്ന് റാമല്ലയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയായിരുന്നു സെക്രട്ടറി ജനറലിന്റെ പരാമര്‍ശങ്ങള്‍.

ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ഫലസ്തീനിലെ വെസ്റ്റ്ബാങ്കിലെത്തിയപ്പോഴായിരുന്നു ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിന്റെ പരാമര്‍ശങ്ങള്‍. ദ്വിരാഷ്ട്ര പരിഹാരമെന്ന സമാധാന ഫോര്‍മുലയോടുള്ള തന്റെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു. ഇസ്രായേല്‍ ഫലസ്തീന്‍ സമാധാന സംഭാഷണങ്ങള്‍ എത്രയും വേഗം പുനരാരംഭിക്കണമെന്ന് അഭ്യര്‍ഥിച്ച അദ്ദേഹം സമാധാന സ്ഥാപനത്തിന് ഇസ്രായേല്‍ കൂടുതല്‍ ആത്മാര്‍ഥത കാണിക്കണമെന്ന് ആവവശ്യപ്പെട്ടു. അധിനിവേശ ഭൂമിയിലെ അനധികൃത കുടിയേറ്റ കേന്ദ്രങ്ങളുടെ വ്യാപനം സമാധാന സ്ഥാപനത്തിന് വലിയ തടസ്സമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി തിങ്കളാഴ്ചയാണ് ഗുട്ടേറസ് മേഖലയിലെത്തിയത്. നേരത്തെ ഇസ്രായേലിലെത്തിയ അദ്ദേഹം പ്രധാനമന്തി ബന്യാമിന്‍ നെതന്യാഹുവുമായും പ്രസിഡന്റ് റുവേന്‍ റിവ്‍ലിനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് ഗസ്സ മുനമ്പിലും തെല്‍ അവീവ് യൂണിവേഴ്സിറ്റിയിലും സന്ദര്‍ശനം നടത്തിയ ശേഷം അദ്ദേഹം തിരിച്ചു പോകും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News