പാകിസ്താനിലെ അംബാസിഡറെ ഫലസ്തീന്‍ തിരിച്ചുവിളിച്ചു
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സഈദിനൊപ്പം അംബാസിഡര്‍ വേദി പങ്കിട്ടതില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു
പാകിസ്താനിലെ തങ്ങളുടെ അംബാസിഡറെ ഫലസ്തീന്‍ തിരിച്ചുവിളിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സഈദിനൊപ്പം അംബാസിഡര്‍ വേദി പങ്കിട്ടതില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫലസ്തീന്റെ നടപടി.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് ഇന്ത്യ ആരോപിക്കുന്ന ഹാഫിസ് സഈദിനൊപ്പം വെള്ളിയാഴ്ചയാണ് പാകിസ്താനിലെ ഫലസ്തീന്‍ അംബാസിഡര്‍ വലീദ് അബു അലി റാലിയില്‍ പങ്കെടുത്തത്. ഇസ്രായേല്‍ തലസ്ഥാനം ജറുസലേമിലേക്ക് മാറ്റുന്നതിനെതിരെ റാവല്‍പിണ്ടിയില്‍ ദിഫാ എ പാകിസ്താന്‍ കൗണ്‍സിലാണ് റാലി സംഘടിപ്പിച്ചത്. പാകിസ്താനിലെ മത-രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നാല്‍പതോളം സംഘടനകളുടെ കൂട്ടായ്മയാണ് ദിഫാ എ പാകിസ്താന്‍ കൗണ്‍സില്‍.
റാലിക്ക് തൊട്ടുപിന്നാലെ ഇന്ത്യ ഫലസ്തീനെ കടുത്ത പ്രതിഷേധം അറിയിച്ചു. അംബാസിഡറുടെ നടപടിയില്‍ ഖേദം പ്രകടിപ്പിച്ച ഫലസ്തീന്‍ സ്ഥാനപതിക്കെതിരെ ഉചിതമായ നടപടിയെടുക്കുമെന്നും ഉറപ്പ് നല്‍കി. ഇക്കാര്യം ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം സഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് അംബാസിഡറെ ഫലസ്തീന്‍ തിരിച്ചുവിളിച്ചത്. ജറുസലേം തലസ്ഥാനമാക്കിയതില്‍ അമേരിക്കക്കെതിരെ യു എന്‍ ജനറല്‍ അസംബ്ലിയില്‍ കൊണ്ടുവന്ന പ്രമേയത്തെ ഇന്ത്യ പിന്തുണച്ചിരുന്നു.