അമേരിക്ക സൈനികാഭ്യാസം നിര്‍ത്തിയില്ലെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് അടക്കുമെന്ന് ഇറാന്‍

Update: 2018-05-11 19:02 GMT
Editor : admin
അമേരിക്ക സൈനികാഭ്യാസം നിര്‍ത്തിയില്ലെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് അടക്കുമെന്ന് ഇറാന്‍
Advertising

ആണവ കരാറിനെ തുടര്‍ന്ന് ഇറാന്‍-യുഎസ് ബന്ധം മെച്ചപ്പെടുമെന്ന പ്രതീക്ഷക്ക് കൂടിയാണ് ഇതോടെ തിരിച്ചടിയായിരിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളുമായി ചേര്‍ന്ന് അമേരിക്ക നടത്തുന്ന സംയുക്ത സൈനികാഭ്യാസം നിര്‍ത്തിയില്ലെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ആണവ കരാറിനെ തുടര്‍ന്ന് ഇറാന്‍-യുഎസ് ബന്ധം മെച്ചപ്പെടുമെന്ന പ്രതീക്ഷക്ക് കൂടിയാണ് ഇതോടെ തിരിച്ചടിയായിരിക്കുന്നത്.

ഇറാന്‍ റവലൂഷനറി ഗാര്‍ഡിന്റെ ഡപ്യൂട്ടി കമാന്‍ഡര്‍ ജനറല്‍ ഹുസൈന്‍ സലാമിയാണ് അമേരിക്കക്ക് ശക്തമായ മുന്നറിയിപ്പുമായി രംഗത്തു വന്നത്. ഇസ്ലാമിക ഇറാനെതിരെ നടപടി തുടര്‍ന്നാല്‍ തന്ത്രപ്രധാന വാണിജ്യപാതയായ ഹോര്‍മുസ് കടലിടുക്ക് അടച്ചിടാന്‍ മടിക്കില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇറാനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളില്‍ നിന്ന് പിന്തിരിയണമെന്ന് ഇറാന്‍ ആത്മീയ നേതാവ് ആയതുല്ല അലി ഖാംനഇയും കഴിഞ്ഞ ദിവസം അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. സമീപകാലത്തെ ചരിത്രയാഥാര്‍ഥ്യങ്ങളില്‍ നിന്ന് യുഎസ് പാഠം പഠിക്കണമെന്നും റവലൂഷനറി ഗാര്‍ഡ് ഉപനേതാവ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ കടന്ന 10 യുഎസ് നാവികരെ ഇറാന്‍ പിടികൂടിയെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. അമേരിക്കയെ മാത്രമല്ല മേഖലയിലെ യുഎസ് സഖ്യരാജ്യങ്ങളെയും ഹോര്‍മുസ് കടലിടുക്ക് മുഖേനയുള്ള യാത്രയില്‍ നിന്ന് തടയുമെന്നും ജനറല്‍ ഹുസൈന്‍ സലാമി പറഞ്ഞു.

അടുത്തിടെ, സൗദി അറേബ്യയില്‍ ഒട്ടേറെ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ വിപുലമായ സൈനികാഭ്യാസ പ്രകടനം നടന്നതും ഇറാന്റെ കടുത്ത വിമര്‍ശത്തിനിടയാക്കി. എന്നാല്‍ ഗള്‍ഫ് മേഖലയുടെ സുരക്ഷക്ക് വേണ്ടി അന്താരാഷ്ട്ര ചട്ടങ്ങളുടെ പുറത്താണ് തങ്ങളുടെ മുഴുവന്‍ നീക്കവുമെന്ന് ബഹ്റൈനില്‍ നിലയുറപ്പിച്ച യുഎസ് അഞ്ചാം കപ്പല്‍ പടയുടെ വക്താവ് ലഫ്. റിക് ഷെര്‍നിത്സര്‍ പ്രതികരിച്ചു. അതേസമയം, ഗള്‍ഫ് മേഖല കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങാതിരിക്കാന്‍ ഇറാനും അമേരിക്കയുമായി അനൗപചാരിക ചര്‍ച്ച ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News