സിറിയയില്‍ രാസായുധ ആക്രമണം നടന്നിട്ടില്ലെന്ന് റഷ്യ
സിറിയയില്‍ രാസായുധം പ്രയോഗിച്ചതിന് യാതൊരു തെളിവും ഇല്ലെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു.
സിറിയയിലെ ദൂമയില്‍ രാസായുധ ആക്രമണം നടന്നെന്ന വാര്‍ത്തകള്‍ പൂര്‍ണമായും നിഷേധിച്ച് റഷ്യ. സിറിയയില്‍ രാസായുധം പ്രയോഗിച്ചതിന് യാതൊരു തെളിവും ഇല്ലെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു. സിറിയന്‍ നടപടിക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് അമേരിക്ക പ്രതികരിച്ചു.
സിറിയയിലെ വിമത സ്വാധീന മേഖലയില്‍ ശനിയാഴ്ചയാണ് സര്‍ക്കാര്‍ രാസായുധം പ്രയോഗിച്ചെന്ന വാര്‍ത്തകള്‍ വന്നത്. ആക്രമണത്തില്‍ എഴുപതിലധികം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിറിയന്‍ സര്‍ക്കാര്‍ തുടക്കത്തില്‍ തന്നെ ഈ ആരോപണം നിഷേധിച്ച് രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് അസദ് സര്‍ക്കാരിനെ സംരക്ഷിക്കുന്ന പ്രതികരണവുമായി സഖ്യകക്ഷിയായ റഷ്യ രംഗത്തെത്തിയത്. അത്തരമൊരു ആക്രമണം നടന്നതിന് തെളിവില്ലെന്നും പ്രകോപനം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു.
രാസായുധ ആക്രമണത്തിന് സംയുക്തവും ശക്തവുമായ മറുപടി നല്‍കുമെന്ന് അമേരിക്കയും ഫ്രാന്‍സും പ്രതികരിച്ചു. വിഷയം യുഎന്‍ സുരക്ഷാ കൌണ്‍സിലില്‍ ചര്‍ച്ചയാകും. ദൂമ ആക്രമണത്തെ അപലപിച്ച് ജര്‍മനിയും രംഗത്തെത്തി.