അര്‍ജന്റീനയിലെ മുന്‍ സൈനിക ഏകാധിപതിക്ക് 20 വര്‍ഷം തടവ് ശിക്ഷ

Update: 2018-05-11 05:31 GMT
Editor : admin
അര്‍ജന്റീനയിലെ മുന്‍ സൈനിക ഏകാധിപതിക്ക് 20 വര്‍ഷം തടവ് ശിക്ഷ
Advertising

അര്‍ജന്റീനയുടെ മുന്‍ സൈനിക ഏകാധിപതി റെയ്‍നാള്‍ഡോ ബിഗ്നോനിക്ക് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചു

അര്‍ജന്റീനയുടെ മുന്‍ സൈനിക ഏകാധിപതി റെയ്‍നാള്‍ഡോ ബിഗ്നോനിക്ക് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാന്‍ സര്‍ക്കാര്‍ പിന്തുണയോടെ ഓപ്പറേഷന്‍ കോണ്ടാര്‍ എന്ന കൊലയാളി സംഘത്തെ ഉണ്ടാക്കിയതിനാണ് ശിക്ഷ. ബിഗ്നോനിക്ക് പുറമേ 14 സൈനിക ഉദ്യോഗസ്ഥര്‍ക്കും അര്‍ജന്റീന കോടതി ശിക്ഷ വിധിച്ചു.

ഓപ്പറേഷന്‍ കോണ്ടാറുമായി ബന്ധപ്പെട്ട് ഭരണകൂട ഗൂഢാലോചന നടന്നതായി നിരീക്ഷിച്ച കോടതി റെയനാള്‍ഡോ ബിഗ്നോനിക്ക് 20 വര്‍ഷവും മറ്റ് സൈനിക ഉദ്യോഗസ്ഥര്‍ക്ക് 8 മുതല്‍ 25 വര്‍ഷം വരെയുമാണ് തടവ് വിധിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, തട്ടിക്കൊണ്ടു പോകല്‍, ശാരീരിക പീഡനം തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്ക് നേരെ ചുമത്തിയത്. 1976 മുതല്‍ 83 വരെ നീണ്ട് അര്‍ജന്റീനയിലെ സ്വേച്ഛാധികാര ഭരണകാലത്തെ കുറ്റകൃത്യങ്ങളുടെ പേരില്‍ ബിഗ്നോനി ജയിലിലാണ്.

1970-80 കാലത്താണ് അര്‍ജന്റീന, ബൊളീവിയ, ബ്രസീല്‍, ചിലി, പരഗ്വായ്, യുറഗ്വായ് എന്നീ തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലെ സൈനിക ഏകാധിപതികള്‍ ചേര്‍ന്ന് ഒപറേഷന്‍ കോണ്ടാര്‍ എന്ന പേരില്‍ സര്‍ക്കാര്‍ നിയന്ത്രിത കൊലയാളി സംഘത്തെ ഉണ്ടാക്കിയത്. പ്രവാസികളായ രാഷ്ട്രീയ വിമതരെ പിന്തുടര്‍ന്ന് പിടികൂടുകയും പീഡിപ്പിച്ചു കൊല്ലുകയുമായിരുന്നു ഓപ്പറേഷന്‍ കോണ്ടാറിന്റെ ദൈത്യം. ഇങ്ങനെ അര്‍ജന്റീനയില്‍ മാത്രം ‍ കൊലപ്പെടുത്തിയത് 105 വിദേശ പൌരന്‍മാരെയാണ്.

ബോളീവിയ, ചിലി, പരഗ്വായ്, യുറഗ്വായ് എന്നീ രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് അര്‍ജന്റീനയിലേക്ക് പ്രവാസികളായി എത്തിയവരായിരുന്നു ഇരകള്‍. ഓപ്പറേഷന്‍ കോണ്ടാറുമായി ബന്ധപ്പെട്ട് ഭരണകൂട ഗൂഢാലോചന നടന്നതായി ആദ്യമായാണ് കോടതി വിധി ഉണ്ടാകുന്നത്. കോണ്ടയുടെ പ്രവര്‍ത്തനത്തെ കുറിച്ച് അറിവുണ്ടായിരുന്നിട്ടും നിശബ്ദത പാലിച്ചതിനെതിരെ അമേരിക്കന്‍ ഭരണകൂടത്തിന് നേരെ പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് സിഐഎ രഹസ്യ രേഖകള്‍ പരസ്യപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ കഴിഞ്ഞ മാര്‍ച്ചില്‍ അര്‍ജന്റീന സന്ദര്‍ശിച്ച വേളയില്‍ ഉറപ്പു നല്‍കിയിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News