തുര്‍ക്കി സൈനിക കേന്ദ്രത്തിന് നേരെ കാര്‍ ബോംബ് സ്ഫോടനം: 17 പേര്‍ കൊല്ലപ്പെട്ടു
ആക്രമണത്തിന് പിന്നില്‍ കുര്‍ദ് സംഘടനയായ പികെകെ ആണെന്ന് റിപ്പോര്‍ട്ട്
തുര്‍ക്കിയില്‍ സൈനിക കേന്ദ്രത്തിന് നേരെ ഉണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 9 സൈനികര്‍ ഉള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെട്ടു. 30 ലധികം പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ കുര്‍ദ് സംഘടനയായ പികെകെ ആണെന്ന് റിപോര്‍ട്ടുണ്ട്
തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഹക്കാരി പ്രവിശ്യയിലാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തില്‍ ഡ്യുറാക് ജെന്‍ഡര്‍മെറെ സൈനിക കേന്ദ്രം പൂര്‍ണമായും തകര്‍ന്നു. നിരവധി സൈനികര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയായ പികെകെയുടെ നേതാവ് അബ്ദുല്ല ഒകലന്‍ സിറിയയിലേക്ക് പലായനം ചെയ്തതിന്റെ 18ആം വാര്‍ഷിക ദിനമാണ് ഒക്ടോബര്‍ 9. അതുകൊണ്ടുതന്നെ ആക്രമണ സാധ്യത മുന്നില്‍ കണ്ട് അതീവ ജാഗ്രതയിലായിരുന്നു രാജ്യം.
ഇറാനും ഇറാഖുമായി അതിര്‍ത്തി പങ്കിടുന്ന തുര്‍ക്കിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ പികെകെ സജീവമാണ്. രണ്ടര വര്‍ഷമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ പരാജയപ്പെട്ടതിന് ശേഷം പികെകെക്ക് എതിരായ പോരാട്ടം തുര്‍ക്കി സേന കുറച്ചിരുന്നു.