ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തിന് ഇന്ത്യയുടെ നിലപാടുകള്‍ വിലങ്ങുതടിയാണെന്ന് പാകിസ്താന്‍
നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോള്‍ ചില നല്ല നടപടികളുണ്ടായെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ നിസാര കാര്യങ്ങളുടെ പേരില്‍ റദ്ദാക്കിയ ഇന്ത്യ....
പാകിസ്താനുമായി വിശാലമായ ചര്‍ച്ചകള്‍ പുനഃരാരംഭിക്കുന്ന കാര്യത്തില്‍ ഇന്ത്യയുടെ നിലപാടുകള്‍ കാര്യക്ഷമമല്ലെന്നും ഇത്തരമൊരു നിലപാട് ഇരുരാജ്യങ്ങളും തമ്മില്‍ നല്ല ബന്ധത്തിനുള്ള ശ്രമങ്ങളെ ദോഷകരമായി ബാധിക്കുകയാണെന്നും ഐക്യരാഷ്ട്രസഭയിലെ പാകിസ്താന്‍റെ സ്ഥാനപതി.
ഐക്യരാഷ്ട്രസഭയിലെ പാകിസ്താന്‍റെ സ്ഥിരം പ്രതിനിധിയായ അമ്പാസിഡര്‍ മലീഹ ലോധിയാണ് യുഎസ് ആര്‍മി വാര്‍ കൊളേജിലെ അധ്യാപകരും വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തില്‍ ഈ ആരോപണം ഉന്നയിച്ചത്. നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോള്‍ ചില നല്ല നടപടികളുണ്ടായെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ നിസാര കാര്യങ്ങളുടെ പേരില്‍ റദ്ദാക്കിയ ഇന്ത്യ ഇവ പുനഃരാരംഭിക്കാന്‍ തീര്‍ത്തും അസാധ്യമായ വ്യവസ്ഥകള്‍ നിരത്തുകയാണ്.
തീവ്രവാദത്തെ ചെറുത്തു തോല്‍പ്പിക്കല്‍, സമ്പത്ത്ഘടനയുടെ വളര്‍ച്ച, അയല്‍രാജ്യങ്ങളുമായി സമാധാനപരമായ ഒരു അന്തരീക്ഷം പടുത്തുയര്‍ത്തല്‍ എന്നിവക്കാണ് പാകിസ്താന്‍ പ്രാമുഖ്യം നല്‍കുന്നതെന്നും നിലവിലുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ച് ഇന്ത്യയുമായി നല്ല ബന്ധം സൃഷ്ടിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ലോധി പറഞ്ഞു. ഐക്യരാഷ്ട്ര സഭയിലെ പാകിസ്താന്‍ മിഷന്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ വിശദമാക്കിയിട്ടുള്ളത്.