ഇനി ഫ്രാന്‍സില്‍ തൊഴില്‍സുരക്ഷ തുച്ഛം, കോര്‍പ്പറേറ്റുകള്‍ക്ക് മെച്ചം

Update: 2018-05-12 09:57 GMT
Editor : admin
ഇനി ഫ്രാന്‍സില്‍ തൊഴില്‍സുരക്ഷ തുച്ഛം, കോര്‍പ്പറേറ്റുകള്‍ക്ക് മെച്ചം
Advertising

പുതിയ നിയമം കോര്‍പ്പറേറ്റുകള്‍ക്ക് തൊഴിലാളികളെ നിയമിക്കാനും പിരിച്ചുവിടാനുമുള്ള നിയമക്കുരുക്കുകള്‍ ഇല്ലാതാക്കും. ഭ

പാര്‍ലമെന്റിന്റെ എതിര്‍പ്പ് മറികടന്ന് ഫ്രഞ്ച് സര്‍ക്കാര്‍ തൊഴില്‍നിയമങ്ങള്‍ ഭേദഗതി ചെയ്തു. പുതിയ നിയമം കോര്‍പ്പറേറ്റുകള്‍ക്ക് തൊഴിലാളികളെ നിയമിക്കാനും പിരിച്ചുവിടാനുമുള്ള നിയമക്കുരുക്കുകള്‍ ഇല്ലാതാക്കും. ഭരണഘടനയിലെ പ്രത്യേക വ്യവസ്ഥ ഉപയോഗിച്ച് നിയമ ഭേദഗതി നടപ്പാക്കിയ തീരുമാനത്തിനെതിരെ തൊഴിലാളികളും വിദ്യാര്‍ഥികളും നടത്തുന്ന പ്രക്ഷോഭം പലയിടങ്ങളിലും അക്രമാസക്തമായി.

ബില്ലിനെതിരെ ഭരണപക്ഷത്തുനിന്ന് തന്നെ എതിര്‍പ്പുകള്‍ രൂക്ഷമായതോടെയാണ് പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ നിയമം ഭേദഗതി ചെയ്യാന്‍ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഫ്രാന്‍സിലെ തൊഴിലില്ലായ്മാ നിരക്ക് കുറക്കാനാണ് പുതിയ നടപടികളെന്നാണ് സര്‍ക്കാരിന്റെ വാദം. തൊഴില്‍നിയമങ്ങളിലെ ഊരാക്കുടുക്കുകള്‍ ഇല്ലാതാക്കുന്നതിലൂടെ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് ജോലിക്കാരെ നിയമിക്കുന്നതിനും പിരിച്ചുവിടുന്നതിനും നിയമതടസ്സങ്ങളുണ്ടാവില്ല. പ്രത്യേക ഉത്തരവിലൂടെ ഭരണഘടനാമാറ്റങ്ങള്‍ നടത്താന്‍ കഴിയുന്ന ഫ്രഞ്ച് ഭരണഘടനയിലെ അപൂര്‍വ വ്യവസ്ഥ ഉപയോഗിച്ചാണ് ഭേദഗതി നടപ്പാക്കിയത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ചാള്‍സ് ഡിഗോള്‍ ഏര്‍പ്പെടുത്തിയ ഈ വ്യവസ്ഥ മാന്വല്‍ വാലസ് രണ്ടാം തവണയാണ് ഉപയോഗിക്കുന്നത്. പാര്‍ലമെന്റിനെ മറികടന്ന് തൊഴിലാളിവിരുദ്ധ ഭേദഗതികള്‍ പാസാക്കിയ ഗവണ്‍മെന്റ് നടപടിക്കെതിരെ ഫ്രാന്‍സില്‍ പ്രതിഷേധം ശക്തമാവുകയാണ്. പലയിടത്തും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി.

സര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയമാണെന്നും ജനാധിപത്യത്തെ മാനിക്കാത്ത നടപടിയാണ് ഉണ്ടായിരിക്കുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. മുന്നറിയിപ്പില്ലാതെ തൊഴിലാളികളെ പിരിച്ചു വിടാനുള്ള അവകാശവും ബില്‍ കമ്പനികള്‍ക്ക് നല്‍കുന്നുണ്ട്. തൊഴിലാളികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന ബില്ലിനെതിരെ ഏതാനും ആഴ്ചകളായി നടക്കുന്ന പ്രക്ഷോഭം ഇനിയും ശക്തമാവാനാണ് സാധ്യത.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News