സൗദിയിലേക്ക് ഹജ്ജ് തീര്‍ഥാടകരെ അയക്കാന്‍ ഇറാന് സാധിക്കില്ലെന്ന് സൂചന
സൗദി അറേബ്യയുമായി ഈ വര്‍ഷം ഹജ്ജ് കരാര്‍ രൂപപ്പെടുത്തുന്നതില്‍ ഇറാന്‍ പരാജയപ്പെട്ട സാഹചര്യത്തിലാണിത്
ഇത്തവണ സൗദിയിലേക്ക് ഹജ്ജ് തീര്‍ഥാടകരെ അയക്കാന്‍ ഇറാന് സാധിക്കില്ലെന്ന് സൂചന. സൗദി അറേബ്യയുമായി ഈ വര്‍ഷം ഹജ്ജ് കരാര്‍ രൂപപ്പെടുത്തുന്നതില്‍ ഇറാന്‍ പരാജയപ്പെട്ട സാഹചര്യത്തിലാണിത്. ഇന്ത്യ ഉള്‍പ്പെടെ ലോകത്തെ നിരവധി രാജ്യങ്ങളുമായി സൗദി അറേബ്യ നേരത്തെ തന്നെ ഹജ്ജ് കരാര്‍ രൂപപ്പെടുത്തിയിരുന്നു.
ഇറാന്‍ ഹജ്ജ് കാര്യ വിദഗ്ധ സംഘം ഹജ്ജ് കരാര്‍ ഒപ്പിടാന്‍ വിസമ്മതിച്ചതായി സൌദി ഹജ്ജ് മന്ത്രാലയമാണ് വ്യക്തമാക്കിയത്. ഹജ്ജ് വിസകള്‍ ഇറാനിലെത്തിച്ച് നല്‍കുക, തീര്‍ഥാടകരെ കൊണ്ടുവരുന്നതിന് ഇറാന്‍ എയറും സൗദി എയര്‍ലൈന്‍സുമുള്ള കരാറില്‍ മാറ്റം വരുത്തുക, ഹജ്ജ് വേളയില്‍ ഒരു സ്ഥലത്ത് ഒരുമിക്കാന്‍ അനുവദിക്കുക തുടങ്ങി ഹജ്ജ് നടപടികള്‍ക്ക് പ്രയാസമുണ്ടാക്കുന്ന നിരവധി നിബന്ധനകള്‍ ഇറാന്‍ മുന്നോട്ടുവെച്ചതായും ഇറാനില്‍ വെച്ച് അവ പരിശോധിക്കണമെന്ന് വാശി പിടിച്ചതായും മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.
നിബന്ധനകള്‍ മറ്റ് തീര്‍ഥാടകര്‍ക്ക് പ്രയാസമുണ്ടാക്കുമെന്ന് സംഘത്തെ അറിയിച്ചതായും ഇതേത്തുടര്‍ന്ന് കരാറില്‍ ഒപ്പിടുന്നതില്‍ നിന്ന് ഇറാന്‍ പിന്‍മാറിയതായും ഹജ്ജ് മന്ത്രാലയം പറഞ്ഞു. ഹജ്ജ് കരാര്‍ ഒപ്പിടുന്നത് നിരസിച്ച ഏകരാജ്യം ഇറാനാണെന്ന് ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ് ബിന്‍ദന്‍ പറഞ്ഞു. ഇറാന്‍ ഹാജിമാരുടെ വരവ് സൗദി അറേബ്യ തടഞ്ഞിട്ടില്ല. നിയമങ്ങള്‍ അനുസരിക്കുകയാണെങ്കില്‍ മറ്റ് ഹാജിമാരെ പോലെ അവര്‍ക്കും ഹജ്ജ് ചെയ്യാമെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.