പൊതുസമ്മതനായ പ്രസിഡന്റ് വേണം; എങ്കില്‍ സമാധാന കരാറില്‍ ഒപ്പുവയ്ക്കാമെന്ന് ഹൂതികള്‍
പൊതുസമ്മതനായ പ്രസിഡന്റ് എന്ന ആവശ്യത്തില്‍ ധാരണയാകാതെ സമാധാന കരാറില്‍ ഒപ്പുവയ്ക്കില്ലെന്ന് യെമനിലെ വിമതവിഭാഗമായ ഹൂതികള്‍ പ്രഖ്യാപിച്ചു
പൊതുസമ്മതനായ പ്രസിഡന്റ് എന്ന ആവശ്യത്തില്‍ ധാരണയാകാതെ സമാധാന കരാറില്‍ ഒപ്പുവയ്ക്കില്ലെന്ന് യെമനിലെ വിമതവിഭാഗമായ ഹൂതികള്‍ പ്രഖ്യാപിച്ചു. യുഎന്‍ മേല്‍നോട്ടത്തില്‍ യെമനിലെ സര്‍ക്കാര്‍ പ്രതിനിധികളുമായി സമാധന ചര്‍ച്ച തുടരുന്നതിനിടെയാണ് ഇവര്‍ നിലപാട് വ്യക്തമാക്കിയത്. ഏപ്രിലില്‍ കുവൈത്തില്‍ ആരംഭിച്ച ചര്‍ച്ചകള്‍ ഇടയ്ക്കു മെല്ലെപ്പോക്കിലായെങ്കിലും ഇപ്പോൾ ആശാവഹമായ രീതിയില്‍ പുരോഗമിക്കുന്നതായി യുഎന്‍ അറിയിച്ചു.
കലാപം അവസാനിപ്പിക്കണമെന്നും കഴിയുന്നതും വേഗം സമാധാന ധാരണയിലെത്തണമെന്നും മധ്യസ്ഥത വഹിക്കുന്ന യുഎന്‍ പ്രതിനിധി ഇസ്മയില്‍ ഊദ് ഷെയ്ഖ് അഹമ്മദ് ആവശ്യപ്പെട്ടു. അബ്ദുറബ് മന്‍സൂര്‍ ഹാദിയാണ് യെമന്റെ പ്രസിഡന്റ് എന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. എന്നാല്‍ അദ്ദേഹത്തെ മാറ്റി പൊതുസമ്മതനായ പ്രസിഡന്റിനെ നിയമിക്കുന്നത് സംബന്ധിച്ചു ധാരണയുണ്ടാക്കണമെന്നാണു ഹൂതികളുടെ വാദം. ചര്‍ച്ചകളുടെ കേന്ദ്രബിന്ദു പ്രസിഡന്റ് പദവി തന്നെയാണെന്നും ദേശീയ ഐക്യ സര്‍ക്കാര്‍ രൂപീകരണവും സുപ്രീം സൈനിക സംവിധാനം, സുരക്ഷാ കമ്മിറ്റി തുടങ്ങിയ സംവിധാനങ്ങളുമെല്ലാം പ്രസിഡന്റ് പദവിയുമായി ബന്ധപ്പെട്ടുകിടക്കുന്നതാണെന്നും അവര്‍ പറയുന്നു.
സംഘർഷം അവസാനിപ്പിക്കണമെന്ന നിര്‍ദേശത്തോട് ഇരുകൂട്ടരും അനുകൂലമായി പ്രതികരിച്ചതായും എന്നാല്‍ ഇതിനായി പ്രത്യേക സമയപരിധി സംബന്ധിച്ചുള്ള ധാരണ നീണ്ടുപോകുകയാണെന്നും ഷെയ്ഖ് അഹമ്മദ് യുഎന്‍ രക്ഷാസമിതിയെ അറിയിച്ചു. അതിനിടെ, ചര്‍ച്ചകള്‍ പ്രധാന വഴിത്തിരിവിലാണെന്ന് അഭിപ്രായപ്പെട്ട ഫ്രഞ്ച് പ്രതിനിധി, വൈകുന്ന ഓരോദിവസവും തീവ്രവാദഗ്രൂപ്പുകള്‍ ശക്തിയാര്‍ജിക്കുകയാണെന്ന് മുന്നറിയിപ്പ് നല്‍കി.
യെമന്‍ തലസ്ഥാനമായ സനാ 2014ല്‍ ഹൂതികള്‍ കീഴടക്കിയതോടെ, തെക്കന്‍ തുറമുഖനഗരമായ ഏഡനിലേക്കു മാറിയ അബ്ദുറബ് മന്‍സൂര്‍ ഹാദി, പിന്നീട് സൗദി അറേബ്യയില്‍ അഭയംതേടി. 2015 മാര്‍ച്ചിലാണു ഹൂതികള്‍ക്കെതിരെ സൗദി നേതൃത്വത്തിലുള്ള ദശരാഷ്ട്രസഖ്യം യുദ്ധം ആരംഭിച്ചത്. ഇതുവരെ 9000 പേര്‍ കൊല്ലപ്പെട്ടെന്നാണ് യുഎന്‍ കണക്ക്. 80% യെമന്‍ സ്വദേശികളും ഭക്ഷണവും വെള്ളവും മറ്റു സഹായങ്ങളുമില്ലാതെ ദുരിതത്തിലാണെന്നും യുഎന്‍ റിപ്പോർട്ടില്‍ പറയുന്നു.