ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി
സോവിയറ്റ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മിച്ച 2 സ്കഡ് മിസൈലുകളും ഒരു റൊഡോങ് മിസൈലുമാണ് വിക്ഷേപിച്ചത്.
അന്താരാഷ്ട്ര വിലക്കുകള്‍ മറികടന്ന് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കുമെന്ന് യുഎസും ദക്ഷിണ കൊറിയയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിക്ഷേപണം. നടപടിയില്‍ കടുത്ത പ്രതിഷേധവുമായി ദക്ഷിണ കൊറിയ രംഗത്തെത്തി.
സോവിയറ്റ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മിച്ച 2 സ്കഡ് മിസൈലുകളും ഒരു റൊഡോങ് മിസൈലുമാണ് വിക്ഷേപിച്ചത്. 500 കിലോമീറ്റര്‍ പരിധിയുള്ള 3 ബാലിസ്റ്റിക് മിസൈലുകളാണ് വിക്ഷേപിച്ചതെന്ന് ദക്ഷിണകൊറിയന്‍ സൈന്യം ആരോപിച്ചു. വിക്ഷേപണം രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന നിലപാടിലാണ് ദക്ഷിണ കൊറിയ.
ഉത്തരകൊറിയയിലെ വടക്ക്പടിഞ്ഞാറന്‍ പ്രദേശമായ ഹാങ്ജുവില്‍ നിന്നാണ് മിസൈലുകള്‍ വിക്ഷേപിച്ചത്. തെക്കന്‍ കൊറിയയിലേക്കെത്താന്‍ ശേഷിയുള്ള മിസൈലുകളാണിവയെന്നും ആരോപണമുണ്ട്. ഏതാനും മാസങ്ങളായി അന്താരാഷ്ട്ര സമിതികളുടെ എതിര്‍പ്പ് മറികടന്ന് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ഒരു മധ്യദൂര മിസൈലും സബ്മറൈനില്‍ നിന്നുള്ള വിക്ഷേപണവും ഇതില്‍പ്പെടും. ഉത്തര കൊറിയയുടെ മിസൈല്‍ ഭീഷണി മറികടക്കാന്‍ ദക്ഷിണ കൊറിയയും യുഎസും ടെര്‍മിനല്‍ ഹൈ ആള്‍ടിറ്റ്യൂഡ് ഡിഫന്‍സ് എന്ന മിസൈല്‍ പ്രതിരോധസംവിധാനം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകമാണ് മിസൈല്‍ പരീക്ഷണം ഉണ്ടായിരിക്കുന്നത്. ടെര്‍മിനല്‍ സ്ഥാപിക്കുകയാണെങ്കില്‍ തിരിച്ചടിക്കുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. ടെര്‍മിനല്‍ മേഖലയിലെ സുരക്ഷയ്ക്ക് വിഘാതമാകുമെന്ന നിലപാടിലാണ് ചൈന.