സന്‍ആയില്‍ സൌദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 20 മരണം
യമന്‍ സംഘര്‍ഷത്തിന് അറുതിവരുത്താന്‍ ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയില്‍ നടത്തിയ സമാധാന ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചതോടെയാണ് പ്രദേശത്ത് സംഘര്‍ഷം രൂക്ഷമായത്
യെമന്‍ തലസ്ഥാനമായ സന്‍ആയില്‍ സൌദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 20 ലേറെ പേര്‍ കൊല്ലപ്പെട്ടു. യമന്‍ സംഘര്‍ഷത്തിന് അറുതിവരുത്താന്‍ ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയില്‍ നടത്തിയ സമാധാന ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചതോടെയാണ് പ്രദേശത്ത് സംഘര്‍ഷം രൂക്ഷമായത്.
അഞ്ച് മാസത്തിന് ശേഷമാണ് സന്‍ആയില്‍ വ്യോമാക്രമണം ഉണ്ടാകുന്നത്. സന്‍ആയുടെ സമീപ പ്രദേശമായ നഹ്ദയിലെ സ്വകാര്യ ഭക്ഷണ നിര്‍മാണ ഫാക്ടറിയിലായിരുന്നു വ്യോമാക്രമണം.. ഫാക്ടറിയില്‍ ജോലി ചെയ്യുകയായിരുന്ന യുവതികളാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും. കൊല്ലപ്പെട്ട മറ്റുള്ളവരുടെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. അഗ്നിശമന സേന എത്തി ഫാക്ടറിയിലെ തീ അണച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്.മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
9 പേര്‍ ആതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹൂതികളുടെ സൈനിക കേന്ദ്രത്തിന് സമീപമായിരുന്നു ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. ഹൂതി വിമതരും മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിനെ പിന്തുണക്കുന്ന സൈന്യവും യുഎന്‍ മുന്നോട്ടുവെച്ച കരാര്‍ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് സമാധാന ചര്‍ച്ച വഴിമുട്ടിയത്. വിമത സൈന്യം സന്‍ആ അടക്കമുള്ള സ്ഥലങ്ങളില്‍നിന്ന് പിന്മാറുകയും പത്തു പേരടങ്ങുന്ന പ്രത്യേക സമിതി രാജ്യഭരണം ഏറ്റെടുക്കണം തുടങ്ങിയവയായിരുന്നു യുഎന്‍ നിര്‍ദേശങ്ങള്‍.