അലപ്പോയിലെ വ്യോമാക്രമണത്തിനെതിരായ പ്രമേയം റഷ്യ വീറ്റോ ചെയ്തു
സിറിയയിലെ അലപ്പോയില്‍ റഷ്യ വ്യോമാക്രമണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം റഷ്യ വീറ്റോ ചെയ്തു.
സിറിയയിലെ അലപ്പോയില്‍ റഷ്യ വ്യോമാക്രമണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം റഷ്യ വീറ്റോ ചെയ്തു. യുഎൻ രക്ഷാ സമിതിയിലെ റഷ്യയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് അമേരിക്കയും ബ്രിട്ടനും രംഗത്തെത്തി. ചൈന വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.
അലപ്പോയിൽ വ്യോമാക്രമണം തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ അടിയന്തര സുരക്ഷാസമിതി ചേർന്നത്. വ്യോമാക്രമണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സ് പ്രമേയം കൊണ്ടു വന്നു. രക്ഷാ സമിതിയിൽ സ്ഥിരം അംഗങ്ങളായ അഞ്ച് രാജ്യങ്ങളിൽ അമേരിക്കയും ബ്രിട്ടനും ഫ്രാൻസിനൊപ്പം പ്രമേയത്തെ അനുകൂലിച്ചു. അധ്യക്ഷ പദം അലങ്കരിക്കുന്ന റഷ്യ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തപ്പോള്‍ ചൈന വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്നു. കൗണ്‍സിലിൽ 15 അംഗങ്ങളിൽ പത്ത് രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. പ്രമേയം പ്രഹസനമെന്നായിരുന്നു യുഎന്നിലെ റഷ്യൻ അംബാസിഡർ വിറ്റാലി ഷിർക്കിന്റെ പ്രസ്താവന. സിറിയൻ വിഷയത്തിൽ റഷ്യ എതിർത്ത് വോട്ടു ചെയ്യുന്നത് ഇത് അഞ്ചാം തവണയാണ്. അധ്യക്ഷ പദത്തിന് ചേർന്ന നടപടിയല്ല റഷ്യ കൈകൊണ്ടതെന്നും ഇത് കൂടുതൽ രക്തചൊരിച്ചിലിന് വഴിതുറക്കുമെന്നും ബ്രിട്ടൻ കുറ്റപ്പെടുത്തി. സ്ഥിരാംഗം എന്ന നിലയിൽ റഷ്യക്ക് സമാധാനം പുനസ്ഥാപിക്കാനുള്ള ബാധ്യതയുണ്ടെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം.