“ദുഷിച്ച ലോകമാണിത്”; വിലക്കേര്‍പ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് ട്രംപ്

Update: 2018-05-13 16:23 GMT
Editor : Ubaid
“ദുഷിച്ച ലോകമാണിത്”; വിലക്കേര്‍പ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് ട്രംപ്
Advertising

അതിനിടെ ഉത്തരവ് ഭരണഘടനാപരമല്ലെന്ന് ചൂണ്ടിക്കാണിച്ച് 16 സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍മാര്‍ രംഗത്തെത്തി

മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൌരന്‍മാര്‍ക്ക് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് വീണ്ടും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ദുഷിച്ച ലോകമാണിത്. അതുകൊണ്ട് ശക്തമായ അതിര്‍ത്തിയും എല്ലാകാര്യത്തിലും സൂക്ഷ്മനിരീക്ഷണവും ആവശ്യമാണെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. മുസ്ലിം നിരോധമല്ലെന്ന് ട്രംപ് ആവര്‍ത്തിച്ചു.

അതിനിടെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരെ വൈറ്റ് ഹൌസിന് മുന്നിലും വിവിധ നഗരങ്ങളിലും കൂറ്റന്‍ പ്രതിഷേധ റാലികള്‍ നടന്നു. മുസ്‌‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള പൌരന്‍മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ വ്യാപകപ്രതിഷേധം ഉയരുന്നതിനിടെയാണ് നിലപാടിലുറച്ച് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ലോകമെമ്പാടും ആക്രമണങ്ങള്‍ അരങ്ങേറുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലടക്കം നമ്മള്‍ കണ്ടതാണ്, അതുകൊണ്ടുതന്നെ ശക്തമായ അതിര്‍ത്തികള്‍ നമുക്ക് ഉണ്ടാവേണ്ടിയിരിക്കുന്നുവെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.

കുടിയേറ്റ വിരുദ്ധതക്കെതിരെ അമേരിക്കയിലെ പല നഗരങ്ങളിലും ഇന്നലെ കൂറ്റന്‍ റാലികള്‍ നടന്നു. വിമാനത്താവളങ്ങളിലും വൈറ്റ് ഹൌസിലും പ്രതിഷേധക്കാര്‍ പ്രകടനവുമായി എത്തി. ന്യൂയോര്‍ക്കിലെ ട്രംപ് ടവറിന് മുന്നിലും ആയിങ്ങള്‍ പ്രതിഷേധിച്ചു.

അതിനിടെ ഉത്തരവ് ഭരണഘടനാപരമല്ലെന്ന് ചൂണ്ടിക്കാണിച്ച് 16 സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍മാര്‍ രംഗത്തെത്തി. വിസയുള്ളവരെ നാടുകടത്തലില്‍ നിന്ന് ഒഴിവാക്കാന്‍ ഫെഡറല്‍ ജഡ്ജിമാരും ഉത്തരവിട്ടു. വിമാനത്താവളങ്ങളിലും മറ്റ് നിരവധിപ്പേര്‍ കുടുങ്ങക്കിടക്കുകായാണ്. നിരോധത്തിന്റെ പേരില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ അഭിഭാഷക സംഘടനകള്‍ അടക്കം മുന്നോട്ട് വന്നിട്ടുണ്ട്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News