പ്രധാനമന്ത്രിക്കെതിരെ അഴിമതിക്കേസില്‍ തെളിവുണ്ടെന്ന് ഇസ്രയേല്‍ പൊലീസ്

Update: 2018-05-13 16:30 GMT
പ്രധാനമന്ത്രിക്കെതിരെ അഴിമതിക്കേസില്‍ തെളിവുണ്ടെന്ന് ഇസ്രയേല്‍ പൊലീസ്
Advertising

വിശ്വാസ വഞ്ചനയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തണമെന്ന് അറ്റോര്‍ണി ജനറലിനോട് പൊലീസിന്റെ ശിപാര്‍ശ

അഴിമതിക്കേസില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ തെളിവുണ്ടെന്ന് പൊലീസ്. നെതന്യാഹുവിനെതിരെ കോഴ, തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തണമെന്ന് ഇസ്രയേല്‍ പൊലീസ് അറ്റോര്‍ണി ജനറലിനോട് ശിപാര്‍ശ ചെയ്തു. ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ രണ്ട് കേസുകളിലാണ് പൊലീസ് കണ്ടെത്തല്‍.

മാസങ്ങള്‍ നീണ്ട അന്വേഷണത്തിലൊടുവിലാണ് അഴിമതിക്കേസില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ തെളിവുകളുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. നെതന്യാഹുവിനെതിരെ കുറ്റം ചുമത്തണമെന്ന പൊലീസിന്റെ ശിപാര്‍ശ അറ്റോര്‍ണി ജനറലിന് അയച്ചു. അറ്റോര്‍ണി ജനറലാണ് കുറ്റം ചുമത്തണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

വ്യവസായിയുടെ കയ്യില്‍ നിന്ന് പാരിതോഷികം കൈപ്പറ്റി സഹായം ചെയ്തു കൊടുത്തു, തനിക്കനുകൂലമായി വാര്‍ത്ത നല്‍കാന്‍ ഇസ്രയേലി പത്രമായ യെഡിയറ്റ് ഓറനറ്റുമായി ധാരണ ഉണ്ടാക്കി എന്നിവയാണ് ഇസ്രയേല്‍ പ്രധാനമന്ത്രിക്കെതിരായ കേസ്. യെഡിയറ്റ് ഓറനറ്റിന്റെ മുഖ്യ എതിരാളിയായ ഇസ്രയേല്‍ ഹയം പത്രത്തെ ദുര്‍ബലപ്പെടുത്താം എന്ന വാഗ്ദാനം നല്‍കിയാണ് നെതന്യാഹു യെഡിയറ്റ് ഓറനറ്റ് പത്രവുമായി ധാരണയിലെത്തിയെന്നാണ് ആരോപണം. പത്രത്തിന്റെ എഡിറ്റര്‍ക്കെതിരെയും കുറ്റം ചുമത്തും എന്ന് പൊലീസ് അറിയിച്ചു. അതേസമയം താന്‍ അധികാരത്തില്‍ തുടരുമെന്നും പൊലീസ് ശിപാര്‍ശ ഒന്നും സംഭവിക്കാതെ അവസാനിക്കുമെന്നുമായിരുന്നു നെതന്യാഹുവിന്‍റെ പ്രതികരണം.

നെതന്യാഹുവിനെതിരെ പ്രതിഷേധവുമായി വിവിധ കക്ഷികള്‍ രംഗത്തെത്തി. നെതന്യാഹു അഴിമതിക്കാരനും അപകടകാരിയുമാണെന്ന് അവര്‍ ആരോപിച്ചു. നെതന്യാഹു രാജി വെക്കണമെന്നും പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു.

Tags:    

Similar News