തുര്‍ക്കിയില്‍ വീണ്ടും ഭീകരാക്രമണം
രണ്ടു ദിവസത്തിനിടെ തുര്‍ക്കിയില്‍ പൊലീസിനെ ലക്ഷ്യം വെച്ചുണ്ടാകുന്ന രണ്ടാമത്തെ സ്ഫോടനമാണ് ഇന്നത്തേത്. കഴിഞ്ഞ ദിവസം ഇസ്തംബൂളിലെ പൊലീസ് സ്റ്റേഷനു പുറത്തുണ്ടായ സ്ഫോടനത്തില്‍ 7 പൊലീസുകാരുള്‍പ്പടെ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു.
തുര്‍ക്കിയില്‍ വീണ്ടും ഭീകരാക്രമണം. ദക്ഷിണ കിഴക്കന്‍ തുര്‍ക്കിയിലെ പൊലീസ് സ്റ്റേഷനു പുറത്തുണ്ടായ സ്ഫോടനത്തില്‍ 3 പേര്‍ കൊല്ലപ്പെടുകയും മുപ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
രണ്ടു ദിവസത്തിനിടെ തുര്‍ക്കിയില്‍ പൊലീസിനെ ലക്ഷ്യം വെച്ചുണ്ടാകുന്ന രണ്ടാമത്തെ സ്ഫോടനമാണ് ഇന്നത്തേത്. കഴിഞ്ഞ ദിവസം ഇസ്തംബൂളിലെ പൊലീസ് സ്റ്റേഷനു പുറത്തുണ്ടായ സ്ഫോടനത്തില്‍ 7 പൊലീസുകാരുള്‍പ്പടെ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ രണ്ടു ദിവസത്തിനിടെ സ്ഫോടനങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം 14 ആയി.
ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഭീകരപ്രവര്‍ത്തനങ്ങളെ ശക്തമായ ഭാഷയില്‍ അപലപിച്ചു. തുര്‍ക്കിയെ ഭയപ്പെടുത്തുവാനുദ്ദേശിക്കുന്നവര്‍ നിരാശപ്പെടേണ്ടി വരുമെന്ന് പറഞ്ഞ പ്രസിഡന്റ്, മാനുഷിക മൂല്യങ്ങളുമായി ഒരു ബന്ധവുമില്ലാത്തവരാണ് ആക്രമണങ്ങള്‍ക്കു പിന്നിലെന്നും പ്രതികരിച്ചു. അവര്‍ നമ്മുടെ ജനതയില്‍ പെട്ടവരായിരുന്നുവെങ്കില്‍ അവരുടെ സഹോദര്‍മാര്‍ക്ക് നേരെ ഇങ്ങനെ ചെയ്യുമായിരുന്നില്ല. അവര്‍ മുസ്‌ലിംകളായിരുന്നുവെങ്കില്‍ വിശുദ്ധ റമദാനില്‍ ഇങ്ങനെ രക്തംചിന്തുമായിരുന്നില്ല. അവര്‍ മനുഷ്യരായിരുന്നെങ്കില്‍ തെരുവില്‍ ഇത്തരത്തില്‍ ബോംബ് സ്‌ഫോടനം നടത്തുമായിരുന്നില്ലെന്നും എര്‍ദോഗാന്‍ പറഞ്ഞു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം ഐ.എസ് തീവ്രവാദികളെയും കുര്‍ദിഷ് ഭീകരരുടേയും പങ്ക് സംഭവത്തില്‍ സംശയിക്കുന്നുണ്ട്. കുര്‍ദ് ഭീകര സംഘടന പി.കെ.കെയുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ച ശേഷം നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരാണ് വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. സിറിയയിലെ ഐ എസിനെതിരായ സൈനിക നീക്കത്തില്‍ പങ്കാളികളായതോടെ ഐ എസും തുര്‍ക്കിയെ ലക്ഷ്യം വെച്ച് സ്ഫോടനങ്ങള്‍ നടത്തുന്നുണ്ട്. അമേരിക്കയടക്കമുള്ള രാജ്യങ്ങളെ തുര്‍ക്കി സഹായിക്കുന്നുണ്ട്.
അതേസമയം തുര്‍ക്കിയിലെ ഇസ്താംബൂളില്‍ ഇന്നലെ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ ചോദ്യം ചെയ്ത് വരികയാണ്. ഇന്നലെയുണ്ടായ സ്ഫോടനത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്.