ക്വറ്റ സ്‍ഫോടനത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ഹാഫിസ് സഈദ്

Update: 2018-05-14 23:02 GMT
Editor : Alwyn K Jose
ക്വറ്റ സ്‍ഫോടനത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ഹാഫിസ് സഈദ്
Advertising

പാകിസ്താനിലെ ക്വറ്റയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി ജമാഅത്തുദ്ദ്വ നേതാവ് ഹാഫിസ് സഈദ് രംഗത്ത്.

പാകിസ്താനിലെ ക്വറ്റയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി ജമാഅത്തുദ്ദ്വ നേതാവ് ഹാഫിസ് സഈദ് രംഗത്ത്. സ്ഫോടനത്തില്‍ ഇന്ത്യക്ക് നേരിട്ട് പങ്കുണ്ടെന്നും ഇന്ത്യയുടെയും അമേരിക്കയുടെയും ഏജന്‍റുമാര്‍ രാജ്യത്ത് തീവ്രവാദം പ്രചരിപ്പിക്കുകയാണെന്നും ഹാഫിസ് സഈദ് ആരോപിച്ചു. തെഹ്‍രീകെ താലിബാന്‍ പാകിസ്താന്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

ക്വറ്റയിലെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലുണ്ടായ സ്ഫോടനത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടിരുന്നു. സ്ഫോടനത്തില്‍ ഇന്ത്യക്ക് നേരിട്ട് പങ്കുണ്ടെന്നാണ് ഹാഫിസ് സഈദിന്റെ വാദം. കഴിഞ്ഞ മാസം അറസ്റ്റിലായ ഇന്ത്യന്‍ ചാരന്‍മാര്‍ പാകിസ്താനില്‍ തീവ്രവാദം വ്യാപിപ്പിക്കുകയാണ്. ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ പാകിസ്താന്‍ തയ്യാറാകണമെന്നും ഹാഫിസ് സഈദ് ആവശ്യപ്പെട്ടു. ദീര്‍ഘകാലം ലഷ്കറെ ത്വയ്യിബയുടെ നേതാവായിരുന്ന ഹാഫിസ് സഈദ് ആണ് 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്നാണ് ഇന്ത്യയുടെ ആരോപണം.

കഴിഞ്ഞ ദിവസം ബലൂചിസ്താന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിലാല്‍ അന്‍വര്‍ കാസിയെ അജ്ഞാതര്‍ വെടിവെച്ചുകൊന്നിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം ഏറ്റുവാങ്ങാനായി സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിയപ്പോഴാണ് ക്വറ്റയില്‍ സ്ഫോടനമുണ്ടായത്. ഇതിന് ശേഷം അ‍‍ജ്ഞാത സംഘം ആശുപത്രി പരിസരത്ത് വെടിവെപ്പ് നടത്തിയെന്നും പൊലീസ് പറയുന്നു. അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടവരില്‍ അധികവും. പരിക്കേറ്റവരെ പ്രധാനമന്ത്രി നവാസ് ശരീഫ് സന്ദര്‍ശിച്ചു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News