ഐഎസിനെതിരെ ഒരുമിച്ച് പോരാടാന്‍ റഷ്യക്ക് തുര്‍ക്കിയുടെ ക്ഷണം

Update: 2018-05-14 18:56 GMT
ഐഎസിനെതിരെ ഒരുമിച്ച് പോരാടാന്‍ റഷ്യക്ക് തുര്‍ക്കിയുടെ ക്ഷണം
Advertising

കഴിഞ്ഞ ദിവസമാണ് ഉര്‍ദുഗാന്റെ നേതൃത്വത്തിലുള്ള സംഘം റഷ്യയിലെത്തിയത്.

സിറിയയില്‍ ഐഎസിനെതിരെ ഒരുമിച്ച് പോരാടാന്‍ റഷ്യക്ക് തുര്‍ക്കിയുടെ ക്ഷണം. റഷ്യന്‍ പ്രസിഡന്റ് വ്‍ളാദിമിര്‍ പുടിനും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാനും തമ്മിലുള്ള നിര്‍ണ്ണായക കൂടിക്കാഴ്ചക്ക് ശേഷമാണ് തുര്‍ക്കിയുടെ ക്ഷണം. കഴിഞ്ഞ ദിവസമാണ് ഉര്‍ദുഗാന്റെ നേതൃത്വത്തിലുള്ള സംഘം റഷ്യയിലെത്തിയത്.

തുര്‍ക്കിയും റഷ്യയും തമ്മില്‍ നടന്ന നയതന്ത്രതല ചര്‍ച്ചകള്‍ക്ക് ശേഷമാണ് സിറിയയിലെ ഐഎസിനെതിരെ ഒരുമിച്ച് പോരാടാമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചതെന്ന് തുര്‍‌ക്കി വിദേശകാര്യമന്ത്രി മൌലൂദ് ഗാവൂശ് ഉഗ്ലു വ്യക്തമാക്കി. തുര്‍ക്കിയുടെ അതിര്‍ത്തിയില്‍ പ്രവേശിച്ച റഷ്യന്‍ വിമാനം വെടിവെച്ചിട്ടതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയിബ് ഉര്‍ദുഗാന്റെ റഷ്യന്‍ സന്ദര്‍ശനത്തെത്തുടര്‍ന്ന് ബന്ധം പുനസ്ഥാപിച്ചതോടെ ഇരുരാജ്യങ്ങളും എല്ലാ വിശദാംശങ്ങളും ചര്‍ച്ച ചെയ്യുമെന്നും ഐഎസിനെതിരെയുള്ള പോരാട്ടം ഒരുമിച്ച് നടത്താന്‍ തുര്‍ക്കി എപ്പോഴും തയാറാണെന്നും ഗാവൂശ് ഉഗ്ലു പറഞ്ഞു. എല്ലാവരുടെയും പൊതുശത്രുവായ ഐഎസിനെതിരെ ഒന്നിച്ചില്ലെങ്കില്‍ ഇതര രാജ്യങ്ങളിലേക്ക് കൂടി അവര്‍ വിനാശം വിതക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറിയയിലെ പ്രതിസന്ധി അവസാനിപ്പിക്കാന്‍ വിവിധ വിഭാഗങ്ങള്‍ ഇടപെടുന്നുണ്ട്. എന്നാല്‍ അവയെ ഏകോപിപ്പിച്ചാല്‍ മാത്രമേ മതിയായ ഫലമുണ്ടാവുകയുള്ളൂവെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. ജൂലൈ പതിനഞ്ചിന് നടന്ന അട്ടിമറിശ്രമത്തിന് ശേഷം തുര്‍ക്കി പ്രധാനമന്ത്രിയുടെ ആദ്യവിദേശ യാത്രയാണ് റഷ്യയിലേക്ക് നടത്തിയത്.

Tags:    

Similar News