അമേരിക്കന്‍ തീരത്ത് വന്‍നാശം വിതച്ച് മാത്യു ചുഴലിക്കാറ്റ്
അമേരിക്കയുടെ തീരത്തേക്ക് നീങ്ങിയ കാറ്റ് തെക്കു കിഴക്കന്‍ മേഖലയിലൂടെ യുഎസില്‍ പ്രവേശിച്ചു.
കരിബീയന്‍ രാജ്യമായ ഹെയ്തിയില്‍ വീശിയടിച്ച മാത്യു ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്തും ആഞ്ഞടിക്കുന്നു. അമേരിക്കയുടെ തീരത്തേക്ക് നീങ്ങിയ കാറ്റ് തെക്കു കിഴക്കന്‍ മേഖലയിലൂടെ യുഎസില്‍ പ്രവേശിച്ചു. ഫ്ലോറിഡയെ വെള്ളത്തിനടിയിലാക്കിയ മാത്യു കൊടുങ്കാറ്റ് വൈദ്യുത ബന്ധവും താറുമാറാക്കി.10 പേരുടെ ജീവന്‍ നഷ്ടമായാതായി റിപ്പോര്‍ട്ടുകളുണ്ട്.
അമേരിക്കയിലെത്തുമ്പോള്‍ കാറ്റിന് വേഗത കുറയുമെന്നായിരുന്നു പ്രവചനം. ഇത് അസ്ഥാനത്താക്കുന്നതാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഫ്ലോറിഡയുടെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിലായി. 14 ലക്ഷത്തോളം പേര്‍ ഇരുട്ടിലാണിവിടെ. ജോര്‍ജിയ, സൗത്ത് കരോലിന, നോര്‍ത്ത് കരോലിന എന്നീയിടങ്ങളും മാത്യു കൊടുങ്കാറ്റ് വെളളത്തിനടയിലാക്കി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഈ പ്രദേശങ്ങളില്‍. വൈദ്യുതി ബന്ധം തകരാറായതിനാല്‍ വരും മണിക്കൂറുകളിലേ ദുരന്ത ചിത്രം പൂര്‍ണമാകൂ. സവന്നാ നദിയിലെ തിരകള്‍ 12 അടി ഉയരത്തില്‍ പൊങ്ങാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. വിവിധ പ്രദേശങ്ങളില്‍ രക്ഷാ സേനയും വാഹനങ്ങളും സജ്ജമാണിപ്പോള്‍.