ഫിദല്‍ കാസ്ട്രോ അന്തരിച്ചു
ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഫിദല്‍ കാസ്ട്രോ അന്തരിച്ചു.
ക്യൂബന്‍ വിപ്ലവനായകനും ദീര്‍ഘകാലം ക്യൂബയുടെ പ്രധാനമന്ത്രിയും പ്രസിഡന്‍റും ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായിരുന്ന ഫിദല്‍ കാസ്ട്രോ അന്തരിച്ചു. ക്യൂബന്‍ പ്രാദേശിക സമയം ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു കാസ്ട്രോയുടെ അന്ത്യം. ക്യൂബന്‍ ഔദ്യോഗിക ടെലിവിഷനാണ് കാസ്ട്രോയുടെ മരണവാര്‍ത്ത പുറത്ത് വിട്ടത്.
ക്യൂബന്‍ പ്രസിഡന്‍റ് റൌള്‍ കാസ്ട്രോയാണ് സഹോദരനും ക്യൂബന്‍ വിപ്ലവനായകനുമായ ഫിദല്‍ കാസ്ട്രോയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്. 2008ല്‍ റൌള്‍ കാസ്ട്രോക്ക് അധികാരം കൈമാറിയ ശേഷം ഫിദല്‍ കാസ്ട്രോ പ്രായാധിക്യം മൂലമുള്ള അവശതകള്‍ മൂലം വിശ്രമജീവിതത്തിലായിരുന്നു. ഇതിനിടെ പലവട്ടം കാസ്ട്രോ മരിച്ചുവെന്നുള്ള അഭ്യൂഹങ്ങള്‍ പാശ്ചാത്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഈ വാര്‍ത്തകള്‍ക്ക് തൊട്ടു പിന്നാലെ മാധ്യമങ്ങളില്‍ കാസ്ട്രോ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ അവസാന ദിവസം കാസ്ട്രോ പ്രസംഗിച്ചിരുന്നു. ഇതാണ് കാസ്ട്രോ പ്രത്യക്ഷപ്പെട്ട അവസാന പൊതുപരിപാടി. ഇനി നിങ്ങളെ അഭിസംബോധന ചെയ്യാന്‍ താനുണ്ടാവില്ലെന്ന് പ്രവചിച്ചാണ് അന്ന് ഫിദല്‍ പ്രസംഗമവസാനിപ്പിച്ചത്. ഫിദല്‍ കാസ്ട്രോയുടെ സംസ്കാരം ക്യൂബന്‍ പ്രാദേശിക സമയം വൈകുന്നരേം നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കാസ്ട്രോയുടെ മരണത്തെ തുടര്‍ന്ന് ക്യൂബയില്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.