ബ്രസല്‍സ് ഭീകരാക്രമണം: അറസ്റ്റിലായവര്‍ക്കെതിരെ തീവ്രവാദക്കുറ്റം
ബെല്‍ജിയത്തില്‍ നിന്ന് അറസ്റ്റിലായ മൂന്ന് പേരെ തിരിച്ചറിഞ്ഞതായും അന്വേഷണ സംഘം
ബ്രസല്‍സ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്കെതിരെ അന്വേഷണ സംഘം തീവ്രവാദക്കുറ്റം ചുമത്തി. ബെല്‍ജിയത്തില്‍ നിന്ന് അറസ്റ്റിലായ മൂന്ന് പേരെ തിരിച്ചറിഞ്ഞതായും അന്വേഷണ സംഘം അറിയിച്ചു. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ വ്യാജ രേഖകള്‍ ചമച്ചതിന് അള്‍ജീരിയന്‍ വംശജന്‍ ഇറ്റലിയില്‍ അറസ്റ്റിലായി. തീവ്രവാദ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന വകുപ്പാണ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത മൂന്ന് പേര്‍ക്കെതിരെ അന്വേഷണ സംഘം ചുമത്തിയിരിക്കുന്നത്.
അബൂബക്കര്‍, റബാഹ്, ഫൈസല്‍ ഷെഫൂ എന്നിവരെയാണ് വെള്ളിയാഴ്ച ബെല്‍ജിയത്തില്‍ നിന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തിലെ സിസി ടി വി ദൃശ്യങ്ങളില്‍ ചാവേറുകള്‍ക്കൊപ്പമുണ്ടായിരുന്നയാളാണ് ഫൈസല്‍ ഷെഫൂ. അക്രമകാരികളെ വിമാനത്താവളത്തിലെത്തിച്ച ടാക്സി ഡ്രൈവര്‍ ഫൈസലിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഫൈസലിനെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
ഫൈസലിന്‍റെ വീട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും സ്ഫോടക വസ്തുക്കളോ ആയുധങ്ങളോ അന്വേഷണ സംഘം കണ്ടെടുത്തിട്ടില്ല. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം എന്നിവിടങ്ങളില്‍ ചൊവ്വാഴ്ചക്ക് ശേഷമേ വിമാനത്താവളം തുറന്ന് പ്രവര്‍ത്തിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു.
അതേ സമയം ഭീകരവാദത്തിനെതിരെ ഇന്ന് ബ്രസല്‍സില്‍ നടക്കാനിരുന്ന സമാധാന റാലി സുരക്ഷാ സേനയുടെ ആവശ്യപ്രകാരം മാറ്റിവെച്ചു. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ മതിയായ സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന കാരണത്താലാണ് റാലി മാറ്റിവെച്ചത്.