ഗ്രീക്ക് -മാസിഡോണിയ അതിര്‍ത്തി തുറക്കണമെന്നാവശ്യപ്പെട്ട് വീണ്ടും അഭയാര്‍ഥി പ്രതിഷേധം
ബാല്‍ക്കന്‍ അതിര്‍ത്തി തുറക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ മാറ്റം വരുത്താന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഏകദേശം 50,000ത്തോളം അഭയാര്‍ഥികളാണ് ഗ്രീസില്‍കുടുങ്ങി കിടക്കുന്നത്
ഗ്രീക്ക് -മാസിഡോണിയ അതിര്‍ത്തി തുറക്കണമെന്നാവശ്യപ്പെട്ട് അഭയാര്‍ഥി പ്രതിഷേധം വീണ്ടും ശക്തമാകുന്നു. തങ്ങള്‍ക്ക് മാനുഷികമായ പരിഗണന നല്‍കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തയ്യാറാകണമെന്ന് അഭയാര്‍ഥികള്‍ ആവശ്യപ്പെട്ടു. അതേസമയം, കുടുങ്ങി കിടക്കുന്നവര്‍ക്ക് കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കി നല്‍കുമെന്ന് ഗ്രീസ് വ്യക്തമാക്കി.
ബാല്‍ക്കന്‍ അതിര്‍ത്തി തുറക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ മാറ്റം വരുത്താന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഏകദേശം 50,000ത്തോളം അഭയാര്‍ഥികളാണ് ഗ്രീസില്‍കുടുങ്ങി കിടക്കുന്നത്. ഇവരില്‍ മിക്കവരും അതിര്‍ത്തിയില്‍ ടെന്‍റുകള്‍ കെട്ടി താമസിക്കുകയാണ്. അതിര്‍ത്തി തുറക്കൂ എന്ന മുദ്രവാക്യമുയര്‍ത്തിയാണ് അഭയാര്‍ഥികള്‍ പ്രതിഷേധിച്ചത്. തങ്ങള്‍ക്ക് മാനുഷികമായ പരിഗണന നല്‍കാന്‍ യൂറോപ്യന്‍രാജ്യങ്ങള്‍ തയ്യാറാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൌകര്യങ്ങള്‍ പോലും തങ്ങള്‍ക്ക് ലഭ്യമാകുന്നില്ലെന്നും അഭയാര്‍ഥികള്‍ പറയുന്നു.
പ്രതിഷേധക്കാരെ നേരിടാന്‍ ശക്തമായ സംവിധാനങ്ങളാണ് ഗ്രീക്ക് പൊലീസ് ഒരുക്കിയത്. എന്നാല്‍ അഭയാര്‍ഥി വിരുദ്ധ നിലപാട് സ്വീകരിക്കില്ലെന്ന് ഗ്രീസ് വ്യക്തമാക്കിയിട്ടുണ്ട്. കുടുങ്ങി കിടക്കുന്നവരെ സഹായിക്കാനായി കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കാന്‍ ധാരണയായിട്ടുണ്ട്. തുര്‍ക്കി വഴി ഗ്രീസിലേക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അഭയാര്‍ഥികള്‍ കടക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കാന്‍ യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയും തമ്മില്‍ നേരത്തെ ധാരണയായിരുന്നു.