ആനകള്‍ക്ക് വിശ്രമം നല്‍കാന്‍ തീരുമാനിച്ച് സര്‍ക്കസ് കമ്പനി
അമേരിക്കയിലെ ഒരു സര്‍ക്കസ് കമ്പനി തങ്ങളുടെ ആനകള്‍ക്ക് വിശ്രമം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.11 ഏഷ്യന്‍ പിടിയാനകളെയാണ് ഈ സര്‍ക്കസ് കമ്പനി വിരമിക്കാന്‍ അനുവദിച്ചത്.
പൂരത്തിനും മറ്റും ആനകളെ ഉപയോഗിക്കുന്നതുമായിബന്ധപ്പെട്ട് നമ്മുടെ ചര്‍ച്ചകള്‍ ഇവിടെ തകൃതിയായി നടക്കുകയാണ്. അപ്പോഴാണ് അമേരിക്കയിലെ ഒരു സര്‍ക്കസ് കമ്പനി തങ്ങളുടെ ആനകള്‍ക്ക് വിശ്രമം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.11 ഏഷ്യന്‍ പിടിയാനകളെയാണ് ഈ സര്‍ക്കസ് കമ്പനി വിരമിക്കാന്‍ അനുവദിച്ചത്.
മേബിളിനും ജൂലിയറ്റിനും ഇനി അഭ്യാസപ്രകടനങ്ങള്‍ കാണിച്ച് കഷ്ടപ്പെടേണ്ടതില്ല. ഇവരടക്കം പതിനൊന്ന് ആനകള്‍ മെയ് ഒന്നോടു കൂടെ സെന്‍ട്രല്‍ ഫ്‌ലോറിഡയിലെ 200 ഏക്കര്‍ ആനസംരക്ഷണ കേന്ദ്രത്തിലേക്ക് മാറുകയാണ്. 145 വര്‍ഷമായി തുടരുന്ന ആനകളുടെ സര്‍ക്കസ് അഭ്യാസങ്ങള്‍ മൃഗസ്‌നേഹികളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് റിംഗ്‌ലിംഗ് ബ്രദേഴ്‌സ നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇവരെ മാറ്റുന്നത് കൊണ്ട് മാത്രം കാര്യങ്ങള്‍ ശരിയാകില്ലെന്നാണ് പീറ്റ (പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റമെന്റ് ഫോര്‍ ആനിമല്‍സ്) സംഘടനയുടെ പ്രതിനിധികള്‍ പറയുന്നത്. തോട്ടി കൊണ്ടും വൈദ്യുതി കൊണ്ടും ഇവരെ പീഡിപ്പിക്കുന്നതും 16 മണിക്കൂര്‍ വരെ ചങ്ങലയിയിടുന്നതുമൊക്കെ ഈ സംരക്ഷണ കേന്ദ്രത്തിലും തുടരുമെന്ന്് ഇവര്‍ ആശങ്കപ്പെടുന്നു.
എന്നാലിതൊക്കെ വെറും ആരോപണങ്ങള്‍ മാത്രമാണെന്നാണ് റിംഗ്‌ലിംഗ് അധികൃതര്‍ പറയുന്നത്. ആനകളിലെ കുറഞ്ഞ കാന്‍സര്‍ സാധ്യതയടക്കം വ്യത്യസ്ത മേഖലകളില്‍ നിരവധി ഗവേഷകരും ശാസ്ത്രജ്ഞരും ഈ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.
69ഓളം ആനകള്‍ അമേരിക്കയില്‍ വിവിധ സര്‍ക്കസുകളിലായി ഇപ്പോഴും ഉണ്ടെന്നാണ് കണക്ക്. റിംഗ്‌ലിംഗ് സര്‍ക്കസില്‍ തന്നെ 34 കടുവകള്‍, 2 സിംഹങ്ങള്‍, കംഗാരൂ തുടങ്ങി നിരവധി വന്യ മൃഗങ്ങളെ ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നുണ്ട്. 17ഓളം രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ടെങ്കിലും അമേരിക്കയില്‍ മൃഗങ്ങളെക്കൊണ്ടുള്ള അഭ്യാസങ്ങള്‍ ഇപ്പോഴും നിര്‍ബാധം തുടരുകയാണ്.